Breaking NewsNEWS

തെരഞ്ഞെടുപ്പു കോഴക്കേസ്: ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ.സുരേന്ദ്രന്റേതു തന്നെയെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പു കോഴക്കേസുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റേതു തന്നെയെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിനു കൈമാറി. കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത കോഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദമാണ് സ്ഥിരീകരിച്ചത്. ഇനി ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ് ലഭിക്കാനുള്ളത്.

കെ.സുരേന്ദ്രന്‍, ജെ.ആര്‍.പി നേതാവ് സി.കെ.ജാനു, പ്രധാന സാക്ഷി പ്രസീത അഴീക്കോട്, ബി.ജെ.പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലയവയല്‍ എന്നിവരുടെ ശബ്ദ സാംപിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദ പരിശോധന. ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.സുരേന്ദ്രന്‍, സി.കെ.ജാനു എന്നിവര്‍ക്കെതിരേ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് കെ.സുരേന്ദ്രന്‍ വിവിധ സ്ഥലങ്ങളില്‍വച്ച് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.

 

 

Back to top button
error: