KeralaNEWS

ഇങ്ങനെയുള്ള കളകളെ പറിച്ച് കളയും: മാപ്പു പറഞ്ഞ് കെ.എസ്.ആര്‍.ടി.സി എം.ഡി.

തിരുവനന്തപുരം: സ്വയം തിരുത്താന്‍ തയാറാകാത്ത ജീവനക്കാരെ ചട്ടപ്രകാരം പുറത്താക്കുമെന്ന് കെ.എസ്.ആര്‍.ടി.സി സി.എം.ഡി: ബിജു പ്രഭാകര്‍. കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മകളുടെ മുന്നിലിട്ട് ജീവനക്കാര്‍ അച്ഛനെ മര്‍ദിച്ച സംഭവത്തിലാണ് സി.എം.ഡിയുടെ പ്രതികരണം. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നമെന്ന് ഏവരും മനസിലാക്കണമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവുമായ സംഭവമാണ് കാട്ടാക്കട യൂണിറ്റില്‍ ഉണ്ടായതെന്നും സംഭവത്തില്‍ ഖേദിക്കുന്നതായും ബിജു പ്രഭാകര്‍ പറഞ്ഞു. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഏറെക്കുറെ വിഷയങ്ങള്‍ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അനുഭവം കാട്ടാക്കട യൂണിറ്റില്‍ യാത്രാ കണ്‍സഷന്‍ പുതുക്കാനായി എത്തിയ വിദ്യാര്‍ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നത്.

പെണ്‍കുട്ടിക്കും പിതാവിനും പ്രസ്തുത കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍നിന്നും നേരിടേണ്ടി വന്ന വൈഷമ്യത്തില്‍ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു. ഇത്തരം ജീവനക്കാരെ യാതൊരു കാരണവശാലും മാനേജ്‌മെന്റ് സംരക്ഷിക്കില്ല. അതുതന്നെയാണ് ഗതാഗത മന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയാനാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. സംഭവത്തെ അതീവ ഗൗരവത്തോടെ കാണുന്നതായും ശരിയായ ദിശയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

 

Back to top button
error: