SportsTRENDING

കാര്യവട്ടം ട്വന്റി 20: ടിക്കറ്റ് വിൽപ്പന തുടങ്ങി

തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിനുള്ള 13,567 ടിക്കറ്റുകള്‍ വിറ്റഴിച്ചു. തിങ്കളാഴ്ച രാത്രി മുതലാണ് www.paytminsider.com വഴി ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് [email protected] എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.

1,500 രൂപയാണ് അപ്പര്‍ ടയര്‍ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. 750 രൂപയായിരിക്കും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം. പവിലിയന് 2,750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6,000 രൂപയുമാണ് നിരക്ക്. മത്സരത്തിനായി ഇരു ടീമുകളും 26ന് തിരുവനന്തപുരത്തെത്തും. കോവളം ലീലാ റാവിസിലാകും ടീമുകളുടെ താമസം.

2.36 കോടി രൂപയുടെ കുടിശ്ശിക വരുത്തിയതിന്റെ പേരിൽ വിഛേദിച്ച വൈദ്യുതി കഴിഞ്ഞ ദിവസം കെഎസ്ഇബി പുനഃസ്ഥാപിച്ചിരുന്നു. സര്‍ക്കാര്‍ തലത്തിൽ നടത്തിയ ഇടപെടലിന് പിന്നാലെയാണ് ആറ് ദിവസത്തിന് ശേഷം സ്റ്റേ‍ഡിയത്തിൽ വൈദ്യുതിയെത്തിയത്. മത്സരത്തിന്‍റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെ ഫ്യൂസ് ഊരാൻ നിര്‍ദ്ദേശം നൽകിയ കെഎസ്ഇബി ഉദ്യോഗസ്ഥനെ കെസിഎ വിമര്‍ശിച്ചു.

ഈ മാസം 28ന് മത്സരം നടക്കാനിരിക്കെയാണ് കാര്യവട്ടം സ്റ്റേഡിയത്തിന്‍റെ വൈദ്യുതി വിച്ഛേദിച്ചത്. ഇത് മത്സരത്തെ ആശങ്കയിലാക്കിയിരുന്നു. 2.36 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക നൽകാത്തതിനെ തുടര്‍ന്നാണ് വൈദ്യുതി ബന്ധം കെഎസ്ഇബി വിഛേദിച്ചത്. കുടിശ്ശിക നൽകിയില്ലെങ്കിൽ കണക്ഷൻ റദ്ദാക്കുമെന്ന് വാട്ടര്‍ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Back to top button
error: