KeralaNEWS

ഫയലിൽ തർക്കം: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകളുടെ പ്രവർത്തനം തുടങ്ങാനാവാതെ ഗതാഗതവകുപ്പ്

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ കൈയോടെ പിടികൂടാൻ ഗതാഗതവകുപ്പ് 235 കോടി രൂപ ചെലവാക്കി സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. കെൽട്രോണുമായി ഗതാഗത വകുപ്പുണ്ടാക്കിയ കരാറിൽ സുതാര്യതയില്ലെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ഫയൽ പിടിച്ച് വച്ചത്. ഏപ്രിൽ മാസം മുതൽ ക്യാമറകൾ പ്രവര്‍ത്തന സജ്ജമായിരുന്നെങ്കിലും ഉദ്ഘാടനം നടത്താനോ ക്യാമറകൾ പ്രവര്‍ത്തിപ്പിച്ച് തുടങ്ങാനോ ഗതാഗത വകുപ്പിന് ഇത് വരെ കഴിഞ്ഞിട്ടില്ല.

സംസ്ഥാനത്ത് 726 ഇടങ്ങളിലാണ് 235 കോടി ചെലവിട്ട് സ്ഥാപിച്ച് ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഗതാഗതവകുപ്പ് സ്ഥാപിച്ചത്. എന്നാൽ ഈ ക്യാമറകൾ എപ്പോൾ മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് ചോദിച്ചാൽ ഗതാഗതവകുപ്പിന് ഉത്തരമില്ല. കേരളം നീളെ ക്യാമറ സ്ഥാപിക്കാൻ കെൽട്രോണുമായി കരാറുണ്ടാക്കിയത് 2019-ൽ. 235 കോടി കെൽട്രോൺ മുടക്കും. ക്യാമറ പ്രവര്‍ത്തിച്ച് തുടങ്ങി അഞ്ച് വര്‍ഷത്തിന് ഉള്ളിൽ റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്ന് പണം തിരിച്ചടക്കണം. ട്രയൽ റൺ നടത്തി ഗതാഗത വകുപ്പ് ഉദ്ഘാടനം നിശ്ചയിച്ചപ്പോഴാണ് കരാറിലെ കുരുക്ക് പണിയായത്. അന്തിമ അനുമതിക്ക് എത്തിയ ഫയൽ ചീഫ് സെക്രട്ടറി മടക്കി.

ക്യാമറ സ്ഥാപിക്കാൻ കെൽട്രോൺ കൊടുത്ത ഉപകരാറിനെ ചൊല്ലിയാണ് ഒരു തര്‍ക്കം. മൂന്നാം കക്ഷിയെ കൂടി ചേര്‍ത്തെഴുതിയാലേ കരാര്‍ നിലനിൽക്കു എന്ന് ചീഫ് സെക്രട്ടറി ഫയലിലെഴുതി. റോഡ് സേഫ്റ്റി ഫണ്ടിൽ നിന്നും തിരിച്ചടവ് പാടില്ലെന്നും പിഴയായി കിട്ടുന്ന പണത്തിൽ നിന്നും കെൽട്രോണിന് പണം തിരികെ നൽകണമെന്നുമാണ് മറ്റൊരു കുറിപ്പ്. ചീഫ് സെക്രട്ടറിയുടെ സംശയങ്ങള്‍ ധനവകുപ്പും ശരിവച്ചതോടെ ഗതാഗത വകുപ്പ് വെട്ടിലായി.

മൂന്ന് വർഷം മുമ്പുണ്ടാക്കിയ ധാരണപത്രത്തിൽ മാറ്റം വരുത്താൻ പറ്റില്ലെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. മാത്രമല്ല ഗതാഗത നിയമലംഘന പിഴ ഈടാക്കി മാത്രം പദ്ധതി തുകയുടെ തിരിച്ചടവ് സാധ്യമല്ലെന്നും ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ തുക മുടക്കിയ കെൽട്രോണാകട്ടെ ഉപകരാറുകാര്‍ക്ക് അടക്കം കുടിശിക കൊടുക്കാനില്ലാത്ത അവസ്ഥയിലുമാണ്. കൊവിഡ് കാരണം ഏറെ വൈകിയ പദ്ധതിയാണ് മാസങ്ങളായി ചുവപ്പുനാടയിൽ കുരുങ്ങി എങ്ങുമെത്താതിരിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകൾ തമ്മിലുള്ള തര്‍ക്കം തുടരുമ്പോൾ ഗതാഗത നിയമലംഘനങ്ങൾക്കുള്ള നടപടി മാത്രമല്ല നടപടിക്ക് മുടക്കിയ കോടികളും ഇതോടെ പെരുവഴിയിലാണ്.

Back to top button
error: