KeralaNEWS

നിസാരമല്ല പേവിഷബാധ; ഏതു മൃഗത്തില്‍നിന്നു പരുക്കേറ്റാലും വൈദ്യസഹായം തേടണം

തിരുവനന്തപുരം: തെരുവുനായയില്‍ നിന്നു മാത്രമല്ല പേവിഷബാധ ഏല്‍ക്കാവുന്നത്. മറ്റു പല മൃഗങ്ങളും റാബിസ് വൈറസ് വാഹകരാണ്. നായ്ക്കളെ ശ്രദ്ധിക്കുന്നതിനൊപ്പം മറ്റു മൃഗങ്ങളില്‍ നിന്നു കൂടി കരുതലെടുക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വീട്ടില്‍ വളര്‍ത്തുന്നതുള്‍പ്പെടെയുള്ള പല ജീവികളും റാബിസ് വൈറസ് വാഹകരാണ്.

ഏതെല്ലാം ജീവികളില്‍നിന്ന്

നായയ്ക്കു പുറമേ, പൂച്ച, കുറുക്കന്‍, കുരങ്ങ്, വവ്വാല്‍, കന്നുകാലികള്‍ തുടങ്ങിയവയില്‍ നിന്നാണ് പ്രധാനമായും റാബിസ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. സസ്തനികളാണ് റാബിസ് വൈറസ് കൂടുതലും പടര്‍ത്തുന്നത്. വനത്തില്‍ കഴിയുന്ന മിക്ക മൃഗങ്ങളിലും റാബിസ് വൈറസ് ഉണ്ട്. വന്യമൃഗങ്ങളില്‍ നിന്ന് പരുക്കേറ്റാല്‍ ഉറപ്പായും വൈദ്യസഹായം തേടണം. ക്ലാസ് 3 (ഗൗരവതരം) ആയ കേസായാണ് വന്യമൃഗങ്ങളില്‍ നിന്നുള്ള പരുക്കേല്‍ക്കല്‍ കണക്കാക്കുന്നത്.

വീട്ടില്‍ വളര്‍ത്തുന്നതുള്‍പ്പെടെയുള്ള പക്ഷികള്‍ വഴിയും പേവിഷബാധയ്ക്ക് സാധ്യതയുണ്ട്. ഏതു മൃഗത്തില്‍ നിന്നു പരുക്കേറ്റാലും പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വൈദ്യസഹായം തേടണം. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളാണെങ്കില്‍ അവയെ 10 ദിവസം നിരീക്ഷിക്കണം. അവയ്ക്കു രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഡോക്ടറെ അറിയിക്കുകയും വൈദ്യസഹായം തേടുകയും വേണം.

കടിയേറ്റാല്‍

ഏതൊരു മൃഗത്തില്‍ നിന്നും കടിയേറ്റാല്‍ മുറിവ് 15 മിനിറ്റോളം സോപ്പ് ഉപയോഗിച്ച് കഴുകണം. ഇതിലൂടെ പേവിഷബാധ ഉണ്ടാകാനുള്ള സാധ്യത 80% ഒഴിവാക്കാനാകും. സോപ്പ്, ഫിനോള്‍, അയഡിന്‍ തുടങ്ങിയവയ്ക്ക് പേവിഷബാധയ്ക്കു കാരണമാകുന്ന കൊഴുപ്പ് പാളിയെ നശിപ്പിക്കാന്‍ കഴിവുള്ളതുകൊണ്ടാണ് മുറിവ് എത്രയും വേഗം കഴുകണം എന്നു പറയുന്നത്. കടിയേറ്റ മുറിവില്‍ ഓയിന്റ്‌മെന്റോ കുഴമ്പോ ഒന്നും പുരട്ടരുത്. മുറിവ് കെട്ടിവയ്ക്കണമെന്നുമില്ല.

ഞരമ്പുകള്‍, തലച്ചോര്‍ എന്നിവയെയാണ് പേവിഷത്തിന് കാരണമായ വൈറസ് ബാധിക്കുക. ശരീരത്തില്‍ എവിടെ വൈറസ് എത്തിയാലും തലച്ചോറിലേക്കെത്തും. അതുകൊണ്ടു തന്നെ വാക്‌സിന്‍ നിര്‍ബന്ധം. പേവിഷത്തിനു ചികിത്സയല്ല, പകരം ആന്റിബോഡി വികസിപ്പിക്കുക മാത്രമാണ് ലക്ഷ്യം. സ്വയം ചികിത്സ പാടില്ല. ഏത് അസുഖമുള്ളയാള്‍ക്കും റാബിസ് പ്രതിരോധ വാക്‌സിന്‍ എടുക്കാം. വാക്‌സിന്‍ എടുക്കാനുള്ള കാലതാമസം പേവിഷബാധ ചികിത്സയില്‍ നിര്‍ണായകമാണ്. ഡോക്ടര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ മുറിവിനു ചുറ്റുമെടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിന്‍ വാക്‌സിന്‍ കൂടി എടുക്കണം. ആഴത്തിലുള്ള മുറിവോ ഒന്നിലേറെ ഭാഗങ്ങളില്‍ കടിക്കുകയോ തൊലി പോയിടത്ത് നക്കുകയോ ചെയ്താല്‍ ഇമ്യൂണോ ഗ്ലോബുലിന്‍ നിര്‍ബന്ധമായും സ്വീകരിക്കണം.

വാക്‌സിന് പാര്‍ശ്വഫലങ്ങളില്ല. മൃഗത്തില്‍നിന്നു പരുക്കേറ്റ ദിവസം ആദ്യ ഡോസ് വാക്‌സിന്‍ എടുക്കണം. മൂന്നാം ദിവസം രണ്ടാമത്തേതും ഏഴാം ദിവസം മൂന്നാമത്തേതും 28 ാം ദിവസം നാലാമത്തേതും വാക്‌സിന്‍ എടുക്കണം. 10 ദിവസം കഴിഞ്ഞും ഉപദ്രവിച്ച മൃഗത്തിന് ലക്ഷണങ്ങള്‍ ഒന്നും കാണുന്നില്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മൂന്ന് ഡോസ് കൊണ്ട് വാക്‌സിന്‍ നിര്‍ത്താം. മൃഗങ്ങളില്‍ നിന്ന് പരുക്കേറ്റാല്‍ ടെറ്റനസ് കുത്തിവയ്പ് എടുക്കുന്നത് നല്ലതാണ്. 5 വര്‍ഷമാണ് ടെറ്റനസ് കുത്തിവയ്പിന്റെ കാലാവധി. പേവിഷബാധയ്ക്ക് മരുന്നില്ലെങ്കിലും 100% സുരക്ഷിതത്വം പാലിക്കാനാകും.

വേരിയന്റ് ഇല്ല!

റാബിസ് വൈറസിന് ജനിതക മാറ്റം വന്നിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റു മരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വൈറസിന്റെ ജനിതക മാറ്റം വന്നിട്ടുണ്ടോയെന്ന സംശയം ഉയര്‍ന്നിരുന്നു. ഏഴു തരത്തിലുളള റാബിസ് വൈറസ് ലോകത്തുണ്ടെന്നാണ് കണക്കാക്കുന്നത്. റാക്കൂണ്‍ വേരിയന്റ്, ഫോക്‌സ് വേരിയന്റ്, ബാറ്റ് വേരിയന്റ് തുടങ്ങിയവ ഇവയില്‍ ചിലതാണ്. ആക്റ്റിക് മേഖലയിലെ രാജ്യങ്ങളില്‍ കാണുന്ന ആക്റ്റിക് റേബീസ് വൈറസ് അലാസ്‌ക, കാനഡ, ഗ്രീന്‍ലാന്‍ഡ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണു പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്.

നഷ്ടപരിഹാരം

തെരുവുനായ് കടിച്ചാല്‍ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. ആശുപത്രി ബില്ലുകള്‍, ഒപി ടിക്കറ്റ് തുടങ്ങിയവയ്‌ക്കൊപ്പം വെള്ളക്കടലാസില്‍ കാര്യങ്ങള്‍ വിശദമായി എഴുതണം. വിലാസം ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി, കൊച്ചി കോര്‍പറേഷന്‍ ബില്‍ഡിങ്, പരമാര റോഡ്, കൊച്ചി. അപേക്ഷിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി സൗജന്യ നിയമസഹായം നല്‍കും. തെരുവു നായ്ക്കളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നില്ല. 5 വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. 1960 ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരവും ശിക്ഷാ നടപടികള്‍ സ്വീകരിക്കാം.

റാബിസ് വാഹകരല്ലാത്തവര്‍

മൂഷിക വര്‍ഗം, ഉരഗങ്ങള്‍ തുടങ്ങിയവയെ റാബിസ് വൈറസ് വാഹകരായി കണ്ടെത്തിയിട്ടില്ല. അതിനാല്‍ എലി, അണ്ണാന്‍, മുയല്‍, ഗിനിപ്പന്നി, പാമ്പുകള്‍, ഉടുമ്പ് തുടങ്ങിയവ കടിച്ചാല്‍ റാബിസ് വൈറസ് പ്രതിരോധ കുത്തിവയ്പ് എടുക്കാറില്ല. എന്നാല്‍, മറ്റു പല അസുഖങ്ങള്‍ക്കും ഇവ കാരണക്കാരാകാറുണ്ട്.

 

Back to top button
error: