Breaking NewsNEWS

മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടെന്നു പ്രതിപക്ഷം; നിഷേധിച്ച് എ.എ.പി.

ഛണ്ഡീഗഡ്: മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപണവുമായി പ്രതിപക്ഷം. എന്നാല്‍, പ്രതിപക്ഷം വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് എ.എ.പി. പ്രതികരിച്ചു.

ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്ന് ഡല്‍ഹിയിലേക്ക് വരുമ്പോള്‍ ലുഫ്താന്‍സ വിമാനത്തില്‍നിന്ന് മാനെ ഇറക്കിവിട്ടെന്നാണ് ഒരുവിഭാഗം ആരോപണം ഉന്നയിക്കുന്നത്. മാന്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് വിമാനം നാല് മണിക്കൂര്‍ വൈകിയെന്നും പഞ്ചാബികളെ അപമാനിക്കുന്നതായി നടപടിയെന്നും പ്രതിപക്ഷ കക്ഷികള്‍ പറയുന്നു.

നടക്കാന്‍ കഴിയാത്തവിധം മദ്യപിച്ച ഭഗവന്ത് മാനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതായി സഹയാത്രികര്‍ വ്യക്തമാക്കിയതായി അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ട്വീറ്റ് ചെയ്തു. വിമാനം നാലു മണിക്കൂര്‍ വൈകുന്നതിന് ഇത് ഇടയാക്കി. അതിനെ തുടര്‍ന്ന് എ.എ.പിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനും മുഖ്യമന്ത്രിക്ക് സാധിച്ചില്ല. ലോകത്തുള്ള എല്ലാ പഞ്ചാബികളെയും അപമാനിക്കുന്നതാണ് ഈ വാര്‍ത്ത, അദ്ദേഹം പറഞ്ഞു.

സംഭവം അപമാനകരമാണെന്ന് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തു. ക്രമാധികമായി മദ്യപിച്ചതിനെ തുടര്‍ന്ന് മാന്റെ കാലുറച്ചിരുന്നില്ലെന്നും ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരും താങ്ങിയെടുത്താണ് അദ്ദേഹത്തെ കൊണ്ടുവന്നതെന്നും ഒരു സഹയാത്രികനെ ഉദ്ധരിച്ച് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്യുന്നു.

അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തെ എ.എ.പി. തള്ളിക്കളഞ്ഞു. നിശ്ചയിച്ചിരുന്നതുപോലെ സെപ്റ്റംബര്‍ 19ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ തിരിച്ചെത്തി. സാമൂഹ്യമാധ്യമ റിപ്പോര്‍ട്ടുകളെല്ലാം വ്യാജ പ്രചാരണങ്ങളാണ്. വിദേശ യാത്രയിലൂടെ നിക്ഷേപം സമാഹരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത് പ്രതിപക്ഷത്തെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ലുഫ്താന്‍സ എയര്‍ലൈന്‍സിനോട് ഇക്കാര്യം അന്വേഷിക്കാവുന്നതാണ്, എഎപി വക്താവ് മന്‍വീന്ദര്‍ സിങ് പറഞ്ഞു.

വിഷയത്തില്‍ ലുഫ്താന്‍സയുടെ വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രിപ്പ് നിശ്ചയിച്ചതിനേക്കാള്‍ വൈകിയത് വിമാനത്തില്‍ മാറ്റംവരുത്തിയതുകൊണ്ടാണ്. യാത്രക്കാരായ വ്യക്തികളേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ല, കമ്പനി അറിയിച്ചു.

വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 11 മുതല്‍ 18 വരെയാണ് മാന്‍ ജര്‍മനിയില്‍ സന്ദര്‍ശനം നടത്തിയത്.

 

 

Back to top button
error: