KeralaNEWS

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചത് മുനയൊടിഞ്ഞ രാഷ്ട്രീയ ആരോപണങ്ങൾ, മല പോലെ വന്നത് എലി പോലെ പോയി

കെ.സുരേന്ദ്രനെയും കെ.സുധാകരനെയും വെല്ലുന്ന രാഷ്ട്രീയ ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ പടയൊരുക്കവുമായി വാർത്താ സമ്മേളനം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചത്. വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിന് മുൻപ് കണ്ണൂർ ചരിത്ര കോൺഗ്രസിലെ ചില വീഡിയോ ദൃശ്യങ്ങൾ ഗവർണർ പ്രദർശിപ്പിച്ചു.

ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്നത് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതും പിഴ ഒടുക്കേണ്ടതുമായ ക്രിമിനല്‍ കുറ്റമാണെന്ന് ഐപിസി 124ാം വകുപ്പ് ഉദ്ധരിച്ച് ഗവര്‍ണര്‍ പറഞ്ഞു. എന്നാൽ പോലീസിന് മുന്നിൽ ഉണ്ടായ സംഭവത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാൻ ശ്രമിച്ച പോലീസിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ് ഇടപെട്ട് വിലക്കിയെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റേജിൽ തന്നോടൊപ്പം ഇരുന്ന കെ.കെ രാഗേഷ് അവിടെ നിന്നിറങ്ങി പോലീസിന് മുന്നിലെത്തി അവരെ തടഞ്ഞു. ഇത് ദൃശ്യങ്ങളിൽനിന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

“എനിക്കെതിരെയുള്ള പ്രതിഷേധം പെട്ടെന്നുണ്ടായതല്ല. ആസൂത്രിതമല്ലെങ്കിൽ പിന്നെ എങ്ങനെയാണ് എനിക്കെതിരെ നൂറ് പ്ലക്കാർഡുകൾ പ്രതിഷേധക്കാർ കൊണ്ടുവന്നത്. മുൻകൂട്ടി തീരുമാനിക്കാതെ പ്ലക്കാർഡുകൾ എത്തുന്നതെങ്ങനെ…?” ഗവർണർ ചോദിച്ചു

പ്രതിഷേധക്കാരെത്തിയത് ജെ.എൻ.യു, ജാമിയ എന്നിവിടങ്ങളിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു . എ.കെ.ജി സെന്ററിലെ ഓഫിസ് സെക്രട്ടറിയായ അന്നത്തെ സിൻഡിക്കേറ്റ് അംഗം ബിജു കണ്ടക്കൈയും ഗവർണർ പുറത്തുവിട്ട ദൃശ്യങ്ങളിൽ ഉണ്ട്.

നിയമപരമായും ഭരണഘടനാപരമായും പ്രവര്‍ത്തിക്കണ്ട ഗവർണർമാർ വാർത്താസമ്മേളനം വിളിച്ചുകൂട്ടുന്ന നടപടി രാജ്യത്തുതന്നെ അസാധാരണമാണ്. ഇതുവരെ പൊതുചടങ്ങിലോ വിമാനത്താവളങ്ങളിലോ വച്ച് മാധ്യമങ്ങളോടു പ്രതികരിക്കുന്ന രീതിയാണു ഗവർണർ തുടർന്നുവന്നത്. അങ്ങനെയിരിക്കെയാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ഗവൺമെൻ്റിനെതിരെ തുറന്ന പോരിന് ഗവർണർ കച്ചകെട്ടി ഇറങ്ങിയത്.

”മാധ്യമങ്ങളോട് ‘കടക്ക് പുറത്ത്’ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എങ്ങനെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ സഹിക്കുക…? നാടിന്റെ പുരോഗതിയോ ജനങ്ങളുടെ ക്ഷേമമോ അല്ല സര്‍ക്കാരിന്റെ താല്‍പര്യം. വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയാണ്.”
ഗവർണർ ആരോപിച്ചു.

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, മുൻ മന്ത്രിമാരായ കെ.ടി.ജലീൽ, സജി ചെറിയാൻ എന്നിവരെ പേരെടുത്ത് പരിഹസിച്ചു ഗവര്‍ണര്‍. മോശം പെരുമാറ്റത്തിന് വിമാനയാത്രാവിലക്ക് നേരിട്ട നേതാവാണ് ഭരണമുന്നണിയുടെ കണ്‍വീനര്‍. ഇത്തരക്കാരുടെ അനുയായികള്‍ കണ്ണൂരില്‍ തന്നെ ആക്രമിക്കാന്‍ മുതിര്‍ന്നതില്‍ അതിശയമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഒരു മന്ത്രിക്ക് ഭരണഘടനയെ പരസ്യമായി തള്ളിപ്പറഞ്ഞതിന്റെ പേരില്‍ രാജിവയ്ക്കേണ്ടിവന്നു. മുന്‍മന്ത്രിയായ എം.എല്‍.എ രാജ്യത്തിന്റെ അഖണ്ഡത ചോദ്യംചെയ്ത് സംസാരിച്ചു. പാക്കിസ്ഥാന്റെ ഭാഷയിലാണ് അദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തിയതെന്നും കെ.ടി.ജലീലിനെ ഉന്നംവച്ച് ഗവര്‍ണര്‍ പറഞ്ഞു. ഇതൊന്നും വ്യക്തികളുടെ വീഴ്ചയല്ല. സിപിഎം പരിശീലന ക്യാംപുകളില്‍ പഠിപ്പിക്കുന്ന കാര്യമാണ് നേതാക്കള്‍ പരസ്യമായി പറയുന്നതെന്നു ഗവർണർ കുറ്റപ്പെടുത്തി.

ഇതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പക്കൽനിന്നു പല ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടുണ്ടെന്ന പുതിയ ആരോപണവും ഗവർണർ ഉന്നയിച്ചു.

”ഇപ്പോഴത്തെ വിസിയെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി നേരിട്ടെത്തി. തന്റെ നാട്ടുകാരനാണ് വിസി എന്ന് എന്നോട് പറഞ്ഞു. ന‌ടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഞാന്‍ ആവശ്യപ്പെടാതെയാണ് സര്‍ക്കാര്‍ വി.സി നിയമനത്തിന് എജിയുടെ നിയമോപദേശം വാങ്ങി രാജ്ഭവനു നല്‍കിയത്. ഇത് സമ്മര്‍ദ തന്ത്രമായിരുന്നു”
ഗവർണർ ആരോപിച്ചു. സര്‍ക്കാരോ മറ്റ് ഏജന്‍സികളോ ഇടപെടില്ലെന്നു ഉറപ്പുനല്‍കി മുഖ്യമന്ത്രി അയച്ച കത്തുകള്‍ ഗവര്‍ണര്‍ പുറത്തുവിട്ടു.
വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവര്‍ണര്‍ വിശദീകരിക്കുന്നത്. രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാര്‍ശ നടത്തിയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബര്‍ 16 ന് ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് ജനുവരി 16 ന് അവസാന കത്തും ലഭിച്ചെന്ന് ഗവര്‍ണര്‍ വിശദീകരിക്കുന്നു.

മുഖ്യമന്ത്രിയുമായും സർക്കാരുമായും തുറന്ന പോരു തുടരുന്ന ഗവർണരെ അനുനയിപ്പിക്കാൻ ഒടുവിൽ സർക്കാർ നടത്തിയ അവസാനവട്ട ശ്രമവും പാളിയതിനു പിന്നാലെ വാർത്താസമ്മേളനവുമായി ഗവർണർ മുന്നോട്ടു പോകുകയായിരുന്നു. വാർത്താസമ്മേളനത്തിനു തൊട്ടുമുൻപ് ചീഫ് സെക്രട്ടറി വി.പി ജോയ് രാജ്ഭവനിൽ എത്തി കാര്യങ്ങൾ വിശദീകരിച്ചുവെങ്കിലും ഗവർണർ വഴങ്ങിയില്ല

Back to top button
error: