CrimeNEWS

കോഴിക്കോട് മെഡിക്കല്‍ കോളജ് അക്രമം: അന്വേഷണത്തോട് സഹകരിക്കാതെ പ്രതികള്‍; തെളിവെടുപ്പ് മുടങ്ങി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസിലെ തെളിവെടുപ്പ് മുടങ്ങി. അന്വേഷണത്തോട് പ്രതികൾ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഏഴ് മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടും പ്രതികൾ സഹകരിക്കാൻ തയ്യാറായില്ല. പ്രതികൾ  സഹകരിക്കാത്തതിനാൽ തെളിവെടുപ്പും നടന്നില്ല. അതിനാല്‍, സുരക്ഷാ ജീവനക്കാരെ ചവിട്ടാനുപയോഗിച്ച ചെരുപ്പുകളും പൊലീസിന് കണ്ടെടുക്കാനായില്ല. ഇതിനെ തുടര്‍ന്ന് കസ്റ്റഡി സമയം അവസാനിക്കും മുൻപ് പ്രതികളായ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകരെയും പൊലീസ് കോടതിയിൽ ഹാജരാക്കി.

അതിനിടെ, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തെത്തി. കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണ‍ർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. കേസന്വേഷണവും മുങ്ങിയ പ്രതികൾക്കായി തിരച്ചിലും പൊലീസ് ഈർജ്ജിതമാക്കിയതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. കേരളത്തിലേത് മികച്ച പൊലീസ് മാതൃകയാണ്. എന്നാല്‍ ചില ഉദ്യോഗസ്ഥർ അതിന് എതിരാണെന്നും പി മോഹനൻ വിമര്‍ശിച്ചു. മെഡിക്കൽ കോളേജിലെ അക്രമ സംഭവത്തെ സിപിഎം ഒരിക്കലും ന്യായീകരിക്കുന്നില്ല. എന്നാൽ ചില ഉദ്യോഗസ്ഥർ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നുവെന്നാണ് പി മോഹനന്‍ കുറ്റപ്പെടുത്തുന്നത്. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നയം ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഒളിവിൽ കഴിയുന്ന പ്രതിയുടെ ഗ‍ർഭിണിയായ പ്രതിയെ ഭീഷണിപ്പെടുത്തി, പ്രതിയെ സഹായിച്ചു എന്ന് കരുതുന്ന ഡോക്ടറിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു എന്നീ പ്രശ്നങ്ങളുന്നയിച്ചാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ ഇന്ന് പൊലീസിനെ വിമര്‍ശിച്ചത്. സിറ്റി പൊലീസ് കമ്മീഷണർ എ അക്ബറിനെതിരെ ജില്ലാ സെക്രട്ടറി തന്നെ പരസ്യമായി വിമർശനമുന്നയിച്ചത് ആഭ്യന്തര വകുപ്പിന് തലവേദനയായി. കേസന്വേഷണത്തിൽ ആദ്യം മെല്ലെപ്പോയ പൊലീസ് കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചതോടെയാണ് സജീവമായത്. ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യങ്ങൾ തള്ളിയതാണ് പി മോഹനനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന വെല്ലുവിളിയാണെന്ന് ഡിസിസി പ്രസിഡന്‍റെ കെ പ്രവീൺ കുമാറും കെ കെ രമ എംഎൽഎയും പ്രതികരിച്ചു.

അതേസമയം, പ്രതികൾ കേസന്വേഷണത്തോട് സഹകരിക്കാത്തത് പൊലിസിന് തലവേദനയായി. തെളിവെടുപ്പ് പൂർത്തിയാക്കും മുമ്പേ തന്നെ കസ്റ്റഡിയിലുള്ള പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടി വന്നു. പതിനൊന്ന് പ്രതികളുള്ള കേസിൽ അഞ്ച് പേർ മാത്രമാണ് പിടിയിലായത്. പ്രതികളില്‍ ഏഴ് പേർ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്.

Back to top button
error: