NEWS

ഷെയർ ഇട്ടാണോ ഓണം ബംബർ വാങ്ങിയത്; എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

ലോട്ടറി ടിക്കറ്റുകൾ കൂട്ടം ചേർന്ന് അഥവാ പങ്കിട്ട് വാങ്ങുന്നതിന് നിയമപരമായ തടസങ്ങളൊന്നും ഇല്ല. പക്ഷേ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാൻ ലോട്ടറി വകുപ്പിന് അധികാരമില്ല.അതുകൊണ്ട് തന്നെ സമ്മാനത്തുക ലോട്ടറി വകുപ്പ് വീതിച്ച് നൽകുകയില്ല. അതിനാൽ ഷെയറിട്ട് ലോട്ടറി എടുക്കുന്നവർക്ക് സമ്മാനം ലഭിക്കുകയാണെങ്കിൽ അവർ കൂട്ടത്തിലുള്ള ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തണം.
ഇത്തരത്തിൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പിൽ ഹാജരാക്കണം. ഇത്തരത്തിൽ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്. അല്ലെങ്കിൽ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാൻ ഒരാളെ ചുമതലപ്പെടുത്താം. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേര് ചേർത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.

 

ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ചാൽ എത്ര രൂപ കൈയിൽ കിട്ടും ?

സമ്മാനത്തുക ആദായനികുതി കുറച്ചാണ് കൈമാറുക. അതിനാൽ 25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാവും ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ചുള്ള തുകയാണിത്.

ഇതിന് പുറമെ സെസും സര്‍ചാര്‍ജ്ജും കൂടി നല്‍കേണ്ടി വരും. നിങ്ങളുടെ ആദായ നികുതി സ്ലാബ് അനുസരിച്ചാണ് ഇത് നൽകേണ്ടി വരിക.30 ശതമാനം നികുതിയ്ക്ക് പുറമെ നികുതി അടയ്ക്കുന്ന പണത്തിന്റെ മൂന്ന് ശതമാനം എല്ലാവരില്‍ നിന്നും സെസ് ആയും ഈടാക്കും. ഇതിന് പുറമെ നിങ്ങളുടെ വാര്‍ഷിക വരുമാനം (ഇപ്പോള്‍ കിട്ടുന്ന സമ്മാനം ഉള്‍പ്പെടെ) 50 ലക്ഷത്തിന് മുകളിലാണെങ്കില്‍ നികുതിയുടെ 10 ശതമാനം കൂടി സര്‍ചാര്‍ജ്ജായി ഈടാക്കും. വരുമാനം ഒരു കോടിക്ക് മുകളിലാണെങ്കില്‍ സര്‍ചാര്‍ജ് നല്‍കേണ്ടത് 15 ശതമാനം തുകയാണ്.
ലോട്ടറിയിൽ നിന്നുള്ള 5,000 രൂപയുടെ വരെ സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി വാങ്ങാവുന്നതാണ്.5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.
നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകൾ സഹിതം മേൽപറഞ്ഞ ഓഫിസുകളിലേതെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പിൽ സമർപ്പിക്കേണ്ടി വരും.അന്യ സംസ്ഥാനത്തുള്ളവർക്കാണ് സമ്മാനം അടിച്ചതെങ്കിൽ അതിനുള്ള നടപടി ക്രമങ്ങൾ വേറെയാണ്.

 

Back to top button
error: