IndiaNEWS

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന്; ലഭിക്കുന്ന തുക ഗംഗാ നദിയെ സംരക്ഷിക്കാന്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിൽ വച്ച് പണം സമാഹരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇന്ന് മുതൽ ഒക്ടോബർ 2 വരെയാണ് ലേലം. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഈ ഓൺലൈൻ ലേലത്തിന്റെ നടത്തിപ്പുകാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിട്ടിയ 1200 ഓളം മെമെന്റോകളും സമ്മാനങ്ങളുമാണ് ലേലത്തിൽ ഉണ്ടാവുകയെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ജി കിഷൻ റെഡി പറഞ്ഞു. സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഇ-ലേലത്തിന്റെ നാലാമത്തെ പതിപ്പാണിത്, നേരത്തെ ദില്ലിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ പ്രദർശനത്തിന് വച്ചിരിക്കുകയായിരുന്നു ഇവയെല്ലാം.

പെയിന്റിംഗ്, ശിൽപം, കരകൗശല വസ്തുക്കൾ, നാടൻ കലാ നിർമ്മിതികൾ തുടങ്ങി നിരവധി സാധനങ്ങളാണ് ഇക്കൂട്ടത്തിൽ ഉള്ളത്. കൂടാതെ പരമ്പരാഗത അംഗവസ്ത്രങ്ങൾ, ഷാളുകൾ, ശിരോവസ്ത്രങ്ങൾ, ആചാരപരമായ വാളുകൾ എന്നിവ പോലെയുള്ള പരമ്പരാഗതമായി നൽകി വരുന്ന സമ്മാന ഇനങ്ങളും ലേലത്തിനുണ്ടാകും. വാരണാസിയിലെ കാശിവിശ്വനാഥ ക്ഷേത്രത്തിന്റെയും അയോധ്യയിൽ നിർമ്മിക്കുന്ന രാമ ക്ഷേത്രത്തിന്റെയും രൂപങ്ങളും ലേലത്തിൽ വയ്ക്കുന്നുണ്ട്. ജനങ്ങളോട് സജീവമായി ലേലത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുകയാണ് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി

ലേലത്തിലൂടെ സമാഹരിക്കുന്ന തുക ഗംഗാ നദിയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ശ്രമിക്കുന്ന പ്രധാന പദ്ധതിയായ നമാമി ഗംഗെ പ്രോഗ്രാമിലേക്ക് സംഭാവന ചെയ്യും. പ്രദർശനത്തിൽ, കേൾവിക്കുറവുള്ള സന്ദർശകർക്കായി ആംഗ്യഭാഷയിൽ ഗൈഡഡ് ടൂറുകളും ക്രമീകരിച്ചിട്ടുണ്ട്. കാഴ്ച വൈകല്യമുള്ളവർക്കായി ബ്രെയിലിയിലുള്ള കാറ്റലോഗുകളും ലഭ്യമാക്കും.

2019-ൽ, 1,805 സമ്മാനങ്ങൾ ലേലം ചെയ്തു. രണ്ടാം റൗണ്ടിൽ 2,772 ഇനങ്ങളാണ് ലേലത്തിൽ വെച്ചത്. 2021-ൽ, സെപ്തംബറിൽ ഒരു ഇ-ലേലം നടന്നു, അതിൽ 1,348 ഇനങ്ങൾ ലേലം ചെയ്തു. ഈ വർഷം ഏകദേശം 1200 മെമന്റോകളും സമ്മാന ഇനങ്ങളും ഇ-ലേലത്തിന് വെച്ചിട്ടുണ്ട്. ഇനങ്ങളുടെ പ്രദർശനം ന്യൂഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ക്രമീകരിച്ചിട്ടുണ്ട്, അതേസമയം ഇനങ്ങൾ https://pmmementos.gov.in എന്ന വെബ്‌സൈറ്റിലും കാണാൻ കഴിയും.

Back to top button
error: