NEWS

കന്നി മാസമാണ്; കണ്ണും കാതും തുറന്നു വച്ചില്ലെങ്കിൽ തെരുവ് നായ്ക്കളുടെ എണ്ണം ഇനിയും കൂടിയേക്കാം

 ളർത്തുനായ്ക്കു കൊടുത്ത ഡോഗ് ഫുഡിൽ കൊഴുപ്പ് കൂടി പോയതിന്റെ പേരിൽ ഭർത്താവിനെ ശാസിക്കുന്ന കൊച്ചമ്മമാരുടെ ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യയെന്നു തേവള്ളിപറമ്പിൽ  ജോസഫ് അലക്സ്‌ പറഞ്ഞിട്ട് വർഷങ്ങളായെങ്കിലും അനുഭവങ്ങളുടെ ഇന്ത്യക്ക്  മാറ്റമൊന്നുമില്ല.പട്ടികളെ മക്കളെ പോലെ കരുതുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെന്നു മാത്രം!
 മനുഷ്യാവകാശങ്ങൾ നിത്യവും
ലംഘിക്കപ്പെടുന്ന നാട്ടിൽ
മൃഗാവകാശങ്ങൾ ഉയർന്നു നിൽക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ഈ ഓണകാലത്ത് മലയാളിയുടെ മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു കണ്ണീർ ചിത്രമുണ്ട്. പത്തനംതിട്ട ജില്ലയിലെ പെരുനാട് ഗ്രാമത്തിലെ 12 വയസ്സുകാരി അഭിരാമിയുടെ ചിത്രം. മക്കളെ നഷ്ടപ്പെട്ട നിരവധി മാതാപിതാക്കൾ. ഇനി ഒരിക്കലും പൂവിളി ഉയരാത്ത നിരവധി വീടുകൾ.
 കേരളത്തിൽ ഒരു ദിവസം പട്ടി കടി ഏൽക്കുന്നവരുടെ എണ്ണം ആയിരത്തോളം വരും. 2800 കോടി രൂപയുടെ വാക്സിൻ കച്ചവടം നടക്കുന്ന  രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിൽ പട്ടികൾക്കു വേണ്ടി കേസ് വാദിക്കുന്ന വക്കിലിന്റെ ഫീസ് മണിക്കൂറിനു പത്തു ലക്ഷം രൂപയാണെന്നു നാം അറിയണം.
അങ്ങനെ നോക്കുമ്പോൾ പട്ടിക്കടി തുടർന്ന് പോകേണ്ടത് ചിലരുടെ ആവശ്യമാണ്.
ഒരുസ്ഥലത്ത് പക്ഷിപനി ബാധിച്ചാൽ ആ പ്രദേശത്തെ മുഴുവൻ കർഷകരെയും കണ്ണീരിൽ ആഴ്ത്തി കൊണ്ട് ആയിരകണക്കിന് നിരപരാധികളായ കോഴികളെയും
താറാവുകളെയും കൊല്ലുവാൻ അനുമതി നൽകുന്ന നിയമം അക്രമകാരികളായ നായ്ക്കളുടെ കാര്യത്തിൽ നിശബ്ദമാകുന്നത് പരിഷ്കൃത സമൂഹത്തിനു ഭൂഷണമല്ല.
കന്നിമാസം ഈ നാട്ടിലെ പട്ടികളുടെ മധുവിധു കാലമാണ്. 2 മാസകാലമാണ് പട്ടികളുടെ ഗർഭകാലം. 3 മുതൽ 8 വരെ കുഞ്ഞുങ്ങൾ ഒരു പ്രസവത്തിൽ ഉണ്ടാകുന്നു. അങ്ങനെ നോക്കിയാൽ ഡിസംബർ മാസത്തിൽ കേരളത്തിലെ  തെരുവ് പട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാവും.
മുല കുടി പ്രായം കഴിയുന്നതോടു കൂടി ഈ പട്ടി കുഞ്ഞുങ്ങൾ തെരുവിന്റെ സന്തതികൾ ആയി മാറും. ഇവിടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മൃഗ സ്നേഹികളുടെയും സുപ്രീം കോടതിയിൽ കേസ് വാദിക്കുന്നവരുടെയും തെരുവിൽ പട്ടിക്ക് ഭക്ഷണം കൊടുക്കുന്നവരുടെയും വലിയ സേവനം നാടിന് ആവശ്യമായി വരുന്നത്. പട്ടി കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുവാൻ എളുപ്പമാണ്. ഈ കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകുന്നതിലൂടെ അവയെ ദത്തു നൽകി സനാഥരാക്കുന്നതിലൂടെ
തെരുവ് പട്ടികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുവാൻ നമുക്ക് കഴിയും.
 കേരളത്തിലെ മുഴുവൻ തെരുവ് പട്ടികളെയും വന്ധ്യകരിക്കുക എന്നത്  പ്രയോഗികമല്ല. വന്ധ്യകരിക്കപ്പെട്ട പട്ടികൾ കടിക്കില്ലെന്ന് കരുതുന്നത് മണ്ടത്തരമാണ്. തെരുവിൽ പിറക്കുന്ന പട്ടികുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകുക, ദത്തു നൽകുക, അവയെ വന്ധ്യകരിക്കുക തുടങ്ങിയ
പ്രായോഗിക കാര്യങ്ങൾ അരംഭിക്കുവാൻ നല്ല സമയം കന്നി മാസമാണെന്ന് ഓർമിപ്പിക്കുന്നു.

Back to top button
error: