CrimeNEWS

തട്ടമിടാത്തതിന്റെ പേരില്‍ സദാചാരപ്പോലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചു; ഇറാനില്‍ വന്‍പ്രതിഷേധം

ടെഹ്റാന്‍: തലയില്‍ തട്ടമിടാത്തിന്റെ പേരില്‍ ഇറാനിലെ സദാചാരപ്പോലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചു. ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരില്‍ ഇറാനിലെ ‘സദാചാര പോലീസ്’ ആയ ‘ഗഷ്തെ ഇര്‍ഷാദ്’ (ഗൈഡന്‍സ് പട്രോള്‍) അറസ്റ്റ് ചെയ്ത മഹ്സ അമിനി(22) എന്ന യുവതിയാണ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഹ്സയെ ടെഹ്റാനില്‍നിന്ന് പോലീസ് പിടികൂടിയത്. ഇതിനുപിന്നാലെ കോമയിലായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പോലീസിന്റെ മര്‍ദനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് ആരോപണം. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പരാതി.

അതേസമയം, ഉദ്യോഗസ്ഥര്‍ യുവതിയെ മര്‍ദിച്ചിട്ടില്ലെന്ന് ടെഹ്റാന്‍ പോലീസ് പ്രതികരിച്ചു. മഹ്സ അടക്കം ഒട്ടേറെ യുവതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നതായും ഇതിനിടെ ഹാളില്‍വെച്ച് മഹ്സ കുഴഞ്ഞുവീഴുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു.

ടെഹ്‌റാനില്‍ സഹോദരനൊപ്പം അവധിദിനം ചെലവിടാന്‍ എത്തിയതായിരുന്നു മഹ്‌സ അമിനി. ഇവരും സെപ്റ്റംബര്‍ 13 ന് ഷാഹിദ് ഹഗാനി എക്സ്പ്രസ് വേയില്‍ എത്തിയപ്പോള്‍ ഉചിതമായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിച്ച് വാനില്‍ക്കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെന്നു യുവതിയുടെ സഹോദരന്‍ കൈരാഷ് ആരോപിച്ചു. തടയാന്‍ ശ്രമിച്ച തനിക്കും മര്‍ദനമേറ്റു. പോലീസ് സ്റ്റേഷനില്‍ ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ബോധവത്കരണത്തിനു ശേഷം മഹ്സയെ വിട്ടയ്ക്കുമെന്നാണ് പൊലീസ് തന്നോട് പറഞ്ഞിരുന്നതെന്നും കൈരാഷ് പറഞ്ഞു.

താന്‍ പോലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ തട്ടമിടാതെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത പന്ത്രണ്ടോളം യുവതികള്‍ അവിടെയുണ്ടായിരുന്നു. പലരും ഉച്ചത്തില്‍ നിലവിളിക്കുന്നത് കേള്‍ക്കാമായിരുന്നു. മഹ്സയെ പോലീസ് വാനില്‍ വച്ച് ക്രൂരമായി പോലീസ് ആക്രമിച്ചുവെന്നും കൈരാഷ് ആരോപിച്ചു. പൂര്‍ണ ആരോഗ്യവതിയായ യുവതി അറസ്റ്റിനു പിന്നാലെ കോമയില്‍ ആയെന്നും വൈകാതെ ആശുപത്രിയില്‍ മരിച്ചുവെന്നും വാനില്‍ വച്ച് എന്താണ് സംഭവിച്ചതെന്നു വ്യക്തമല്ലെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മഹ്സയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ ‘സദാചാര പോലീസി’നെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. യുവതിയെ ചികിത്സിച്ചിരുന്ന ആശുപത്രിക്ക് മുന്നില്‍ നിരവധിപേരാണ് കഴിഞ്ഞദിവസം തടിച്ചുകൂടിയത്. ഇതിനുപിന്നാലെ ടെഹ്റാനില്‍ ‘സദാചാര പോലീസി’നെതിരായ പ്രതിഷേധ മുദ്രാവാക്യങ്ങളും മുഴക്കി. സാമൂഹികമാധ്യമങ്ങളിലും പോലീസിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ‘മര്‍ഡര്‍ പട്രോള്‍’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് പലരും ട്വിറ്ററില്‍ പ്രതിഷേധിച്ചത്. ഇറാനിലെ യുവതിയുടെ മരണത്തില്‍ ക്രിമിനല്‍ അന്വേഷണം നടത്തണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലും ആവശ്യപ്പെട്ടു.

ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ മതപരമായരീതിയിലുള്ള വസ്ത്രധാരണം അടക്കം ഉറപ്പുവരുത്തുക എന്നതാണ് ‘ഗൈഡന്‍സ് പട്രോളി’ന്റെ ചുമതല. സദാചാര പോലീസ്, ഫാഷന്‍ പോലീസ് തുടങ്ങിയ പേരുകളിലും ഈ പോലീസ് വിഭാഗം അറിയപ്പെടുന്നുണ്ട്. നേരത്തെയും പലതവണ ഇറാനിലെ ഗൈഡന്‍സ് പട്രോളിന്റെ നടപടികള്‍ രാജ്യാന്തരതലത്തില്‍ വാര്‍ത്തയായിരുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകളെയാണ് ഗൈഡന്‍സ് പട്രോള്‍ വിഭാഗം പ്രധാനമായും അറസ്റ്റ് ചെയ്തിരുന്നത്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളുടെ വീഡിയോകളും നേരത്തെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

 

 

 

Back to top button
error: