Breaking NewsNEWS

മുഖ്യമന്ത്രി തിരശീലയ്ക്ക് പുറത്ത് വന്നതില്‍ സന്തോഷം, ആഞ്ഞടിച്ച് ഗവര്‍ണര്‍

കൊച്ചി: തനിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തി കഴിഞ്ഞ ദിവസം രംഗത്ത് വന്ന മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇപ്പോഴെങ്കിലും മുഖ്യമന്ത്രി തിരശീലയ്ക്ക് പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. 2019-ല്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരേ ആക്രമുണ്ടായത് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ മറുപടിക്ക് തുടക്കം കുറിച്ചത്. വധശ്രമമാണ് തനിക്കുനേരെയുണ്ടായത്. അതില്‍ എന്ത് നടപടിയെടുത്തൂവെന്നും ആരുടെ താല്‍പര്യ പ്രകാരമാണ് നടപടിയെടുക്കാതിരുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.

കണ്ണൂര്‍ വി.സി വധശ്രമ ഗൂഢാലോചനയ്ക്ക് കൂട്ട് നിന്നതാണ്. അതിന് തന്റെ കൈയില്‍ തെളിവുണ്ട്. നിരവധി തവണ ഇത് സംബന്ധിച്ച് പരാതി നല്‍കിയാണ്. കത്തയച്ചതുമാണ്. പക്ഷെ ഒരു നടപടിയുമുണ്ടായില്ല. ആരാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രി പല കാര്യങ്ങള്‍ക്കും മറുപടി നല്‍കുന്നില്ല. ഫോണ്‍ വിളിച്ചാല്‍ തിരിച്ച് വിളിക്കുന്നില്ല. തെളിവുകള്‍ വരും ദിവസം പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം കാത്ത് സൂക്ഷിക്കും. അതിന് തടസമുണ്ടാക്കുന്ന ഒന്നിനും താന്‍ ചാന്‍സിലര്‍ സ്ഥാനത്തിരിക്കുന്നത് വരെ കൂട്ടുനില്‍ക്കില്ല. സര്‍വകലാശാല ഭേദഗതി ബില്ലില്‍ നിയമപരമായ പ്രശ്നമുണ്ട്. ആ ബില്ല് പരിശോധിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ലോകോയുക്ത ഭേദഗതി ബില്‍ പരിശോധിക്കാനായിട്ടില്ല. പക്ഷെ മാധ്യമ വാര്‍ത്തകളും നിയമസഭാ നടപടിക്രമങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധന നടത്തുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

 

Back to top button
error: