KeralaNEWS

മുഖ്യമന്ത്രി- ഗവർണർ പോര് മുറുകുന്നു, ‘ഇദ്ദേഹത്തിന് ആരു നൽകി ഈ അധികാരം? എന്തൊരു അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്.’ ഗവർണർക്ക് ചുട്ട മറുപടിയുമായി പിണറായി

സംസ്ഥാന സർക്കാരിനെ തുടർച്ചയായി പ്രതിരോധത്തിലാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പറഞ്ഞത് അസംബന്ധമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

”ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം അദ്ദേഹം മനസ്സിലാക്കണം. ഇങ്ങനെ പറയാന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരം…? ഇങ്ങനെ പറയാന്‍ അദ്ദേഹം ആരാണ്? ഇതാണോ ഗവർണർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്? സ്റ്റാഫിന്‍റെ ബന്ധുവായാല്‍ ജോലിക്ക് അപേക്ഷിക്കാന്‍ പാടില്ലേ…” വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ചോദിച്ചു.

പഴ്സനൽ സ്റ്റാഫിന്‍റെ ബന്ധുവിന്‍റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കില്ലെന്നും മുഖ്യമന്ത്രി അറിയാതെ വൈസ് ചാന്‍സലര്‍ നിയമിക്കുമെന്ന് പറ‍ഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. അനധികൃത നിയമനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. അദ്ദേഹത്തിന്റെ ഈ വാദങ്ങൾ വാർത്താ സമ്മേളനത്തിൽ വായിച്ചാണ് മുഖ്യമന്ത്രി അക്കമിട്ടു മറുപടി നൽകിയത്.

”ഇതിലും വലിയ അസംബന്ധം ആർക്കെങ്കിലും പറയാൻ കഴിയുമോ? ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് ആയിരിക്കണം വർത്തമാനം. മുഖ്യമന്ത്രിയോടു ചോദിച്ചിട്ടാണോ സ്റ്റാഫിന്‍റെ ബന്ധു നിയമനത്തിന് അപേക്ഷ കൊടുക്കുക? മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധു ഒരു വ്യക്തിയാണ്. ആ വ്യക്തിക്ക് ആ വ്യക്തിയുടേതായ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതനുസരിച്ച്, അവർക്ക് അർഹതയുള്ള ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധാരണ നിലയിൽ അവകാശമില്ലേ?” മുഖ്യമന്ത്രി ചോദിച്ചു.

ഗവര്‍ണര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. ഭീഷണി സ്വരത്തില്‍ സംസാരിക്കുന്നത് ആരാണെന്ന് നാട് കുറേക്കാലമായി കാണുന്നുണ്ട്. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പരിഹരിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗങ്ങളുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാത്രമല്ല ഗവർണർ ഭീഷണി സ്വരത്തിൽ സംസാരിക്കുന്നു, ഇതാണോ ചാൻസിലർ പദവി, കമ്മ്യൂണിസ്റ്റ് ആശയങ്ങൾ വിദേശത്ത് രൂപം കൊണ്ടത് എന്നാണോ പറയുന്നത്, എന്ത് കൈകരുത്തും ഭീഷണിയുമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്, ഇത്തരത്തിലുള്ള എന്ത് അനുഭവം ആണ് അദ്ദേഹത്തിനുണ്ടായിട്ടുള്ളത് എന്ന് തുടങ്ങി ആരോപണങ്ങൾക്ക് കൃത്യമായി മറുപടി പറഞ്ഞാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനം അവസാനിപ്പിച്ചത്.

Back to top button
error: