CrimeNEWS

ഫ്രൈഡ്‌റൈസില്‍ ചിക്കന്‍ കുറവ്; റസ്റ്ററന്റില്‍ അടിപൊട്ടി

തൊടുപുഴ: ചിക്കന്‍ ഫ്രൈഡ്‌റൈസില്‍ ഇറച്ചിക്കഷണം കുറഞ്ഞെന്നാരോപിച്ചു റസ്റ്ററന്റില്‍ സംഘര്‍ഷം. രാമക്കല്‍മേട്ടില്‍ പ്രവര്‍ത്തിക്കുന്ന സിയോണ്‍ ഹില്‍സ് റിസോര്‍ട്ടിലാണ് അഞ്ചംഗ സംഘം ജീവനക്കാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. റസ്റ്ററന്റിലെ മേശകളും പ്ലേറ്റുകളും അടിച്ചുപൊട്ടിച്ച സംഘം ഒന്നര മണിക്കൂര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാണു റിസോര്‍ട്ടുകാരുടെ ആരോപണം.

ബുധനാഴ്ച രാത്രി 10.30നാണു സംഭവം. ചിക്കന്‍ ഫ്രൈഡ്‌റൈസ് ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ സംഘം കഴിച്ചു. ഇതിനിടയില്‍ ഫ്രൈഡ്‌റൈസില്‍ ചിക്കന്‍ കുറഞ്ഞുപോയെന്നും കൂടുതല്‍ ചിക്കന്‍ വേണമെന്നും ആവശ്യപ്പെട്ട് സംഘത്തിലൊരാള്‍ കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിക്കുകയായിരുന്നുവെന്നു ജീവനക്കാര്‍ പറയുന്നു. മേശകള്‍ തകര്‍ത്തെന്നും ജീവനക്കാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. അക്രമികളില്‍ ഒരാളുടെ കൈയ്ക്കു പരുക്കേറ്റു.

റിസോര്‍ട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍, തങ്ങള്‍ ആവശ്യപ്പെട്ട ഭക്ഷണമല്ല നല്‍കിയതെന്നും അതിനെത്തുടര്‍ന്നു വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും മേശ തകര്‍ത്തിട്ടില്ലെന്നും ആരോപണവിധേയരായ യുവാക്കള്‍ പറഞ്ഞു.

 

 

Back to top button
error: