IndiaNEWS

പൈലറ്റുമാർക്കും കാബിൻ ക്രൂവിനും വീണ്ടും നിർബന്ധിത ബ്രീത്ത് അനലൈസർ പരിശോധന

ദില്ലി: രാജ്യത്ത് പൈലറ്റുകൾക്കും വിമാനങ്ങളിലെ കാബിൻ ക്രൂവിനുമുള്ള നിർബന്ധിത ബ്രീത്ത് അനലൈസർ പരിശോധനകൾ പുനരാരംഭിക്കുന്നു. അടുത്ത മാസം 15 മുതൽ പരിശോധന വീണ്ടും തുടങ്ങാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശം നൽകി.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ നേരത്തെ നിർബന്ധിത പരിശോധനകൾ നിർത്തി വച്ചിരുന്നു. കൊവിഡ് വ്യാപന തോത് കുറയുകയും യാത്രക്കാരുടെ എണ്ണം കൂടുകയും ചെയ്തത് കണക്കിലെടുത്താണ് തീരുമാനമെന്ന് ഡിജിസിഎ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച ഡിജിസിഎ നൽകിയ ഹർജി പരിഗണിക്കവേ, എടിസി ജീവനക്കാർ, വാണിജ്യ പൈലറ്റുമാർ, ക്യാബിൻ ക്രൂ, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റ് നിബന്ധനകൾക്ക് അനുസൃതമായി നടത്താൻ ദില്ലി ഹൈക്കോടതി നിർദേശിച്ചിരുന്നു.

കൊവിഡിന് മുമ്പ് യാത്ര പുറപ്പെടുന്നതിന് മുമ്പും യാത്ര അവസാനിപ്പിച്ച ശേഷവും പൈലറ്റുമാരും കാബിൻ ക്രൂവും നിർബന്ധിത ‘ബാറ്റ്’ (BAT) ടെസ്റ്റിന് വിധേയരാകേണ്ടിയിരുന്നു. എന്നാൽ കൊവിഡ് ഇളവുകൾക്ക് പിന്നാലെ, വിമാന സർവീസ് പുനരാംഭിച്ചപ്പോൾ ഈ നിബന്ധനയിൽ ഡിജിസിഎ ഇളവ് നൽകിയിരുന്നു. മണിക്കൂറിൽ 6 പേർ മാത്രം ബ്രീത്ത് അനലൈസർ ടെസ്റ്റിന് വിധേയരായാൽ മതിയായിരുന്നു.

Back to top button
error: