KeralaNEWS

ഇവിടൊരാൾ തെക്ക് വടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് ഓടുന്നു; രാഹുൽഗാന്ധിയെ ട്രോളി ശിവൻകുട്ടി

തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടയിലും കോൺഗ്രസ് നേതാക്കൾ ബി ജെപി ചേരിയിലേക്ക് പോകുന്നതിൽ രാഹുൽ ഗാന്ധിയെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്ന് നടന്നാൽ ഇതാണ് സ്ഥിതിയെങ്കിൽ എന്ന ക്യാപ്ഷനിലാണ് ശിവൻകുട്ടിയുടെ ട്രോൾ. ഇവിടൊരാൾ തെക്ക് വടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് ഓടുന്നു – എന്നാണ് ശിവൻകുട്ടി കുറിപ്പിൽ പറയുന്നത്. ഒപ്പം ഗോവയിൽ കോൺഗ്രസ് നേതാക്കൾ ബി ജെ പിയിൽ ചേരുന്നതിന്‍റെ വാർത്തയും പങ്കുവച്ചിട്ടുണ്ട്.

അതേസമയം ഗോവയിൽ 8 കോൺഗ്രസ് എം എൽ എമാരാണ് ഇന്ന് പാർട്ടിയിൽ ചേരുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേട്ട് തനവാഡെ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോയും അടക്കമുള്ളവരാണ് കോൺഗ്രസ് പാളയം വിടുന്നത്. എട്ട് പേർ ബിജെപിയിലേക്ക് പോയാൽ ഗോവയിൽ ശേഷിക്കുക മൂന്ന് കോൺഗ്രസ് എംഎൽഎമാർ മാത്രമാകും. അങ്ങിനെ വന്നാൽ കൂറുമാറ്റ നിരോധന നിയമം മറികടക്കാനും മറുകണ്ടം ചാടുന്ന എംഎൽഎമാർക്കാകും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടെയാണ് ഗോവയിൽ കോൺഗ്രസ് വൻ തിരിച്ചടി നേരിടുന്നത്.

പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോയുടെ നേതൃത്വത്തിൽ എട്ട് പേർ ബിജെപിയിൽ എത്തുമെന്നായതോടെ കടുത്ത പ്രതിസന്ധി നേരിടുകയാണ് കോൺഗ്രസ്. മുൻ മുഖ്യമന്ത്രിയും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ച ദിംഗംബർ കാമത്ത് അടക്കമുള്ളവരുമാണ് കൂറ് മാറിയത്. രാവിലെ നിയമസഭാ മന്ദിരത്തിൽ മൈക്കൾ ലോബോ വിളിച്ചു ചേർത്ത നിയമസഭാകക്ഷി യോഗത്തിൽ ബിജെപിയിൽ ലയിക്കാനുള്ള പ്രമേയം പാസാക്കി. പിന്നാലെ നിയമസഭയിലേക്കെത്തിയ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് കൂറുമാറിയെത്തുന്നവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇതോടെ 40 അംഗ നിയസഭയിൽ കോൺഗ്രസ് മൂന്ന് പേരിലേക്ക് ചുരുങ്ങി.

Back to top button
error: