NEWSWorld

ഇലോണ്‍ മസ്‌കിന് ട്വിറ്റര്‍ വില്‍ക്കാന്‍ ഓഹരിയുടമകളുടെ അനുമതി

സാന്‍ഫ്രാന്‍സിസ്‌കോ: ഇലോണ്‍ മസ്‌കിന് 4400 കോടി ഡോളറിന് ട്വിറ്റര്‍ വില്‍ക്കാന്‍ അനുമതി നല്‍കി ഓഹരിയുടമകള്‍. കമ്പനിയുടെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിക്ഷേപകരുമായി നടന്ന കോണ്‍ഫറന്‍സ് കോളിലാണ് തീരുമാനമായത്.

ഏപ്രിലില്‍ തന്നെ കമ്പനി ഇലോണ്‍ മസ്‌കിന് വില്‍ക്കാന്‍ ട്വിറ്റര്‍ സമ്മതിച്ചിരുന്നു. എന്നാല്‍, സ്പാം അക്കൗണ്ടുകളുടേയും ബോട്ട് അക്കൗണ്ടുകളുടേയും എണ്ണവുമായി ബന്ധപ്പെട്ട് കമ്പനി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാണിച്ച് മസ്‌ക് ഈ ഇടപാടില്‍ നിന്ന് പിന്‍മാറി.

ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണിപ്പോള്‍. ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് മസ്‌കിന് പിന്‍മാറാന്‍ സാധിക്കില്ലെന്നും ഏറ്റെടുക്കലുമായി മുന്നോട്ട് പോവണം എന്നുമാണ് ട്വിറ്ററിന്റെ വാദം.

ഓഹരിയുടമകളെല്ലാം ഇടപാടിന് അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ കമ്പനി വാങ്ങുന്നതിനായി കോടതിയില്‍ ഇലോണ്‍ മസ്‌കിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ട്വിറ്ററിന് സാധിക്കും.

പ്രതിദിന ഉപഭോക്താക്കളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ബോട്ട് അക്കൗണ്ടുകള്‍ ഉള്ളത് എന്നാണ് ട്വിറ്റര്‍ പറയുന്നത്. എന്നാല്‍, കൃത്യമായ എണ്ണം കമ്പനി വ്യക്തമാക്കിയില്ല. ട്വിറ്റര്‍ അക്കൗണ്ടുകളില്‍ സ്പാം അക്കൗണ്ടുകളുടെ എണ്ണം കമ്പനി പറയുന്നതിനേക്കാള്‍ കൂടുതലുണ്ടെന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്.

രണ്ട് കക്ഷികളും ഒക്ടോബറില്‍ ഡെലവേര്‍ കോടതിയില്‍ ഹാജരാവും. ഇവിടെ വെച്ച് ഇലോണ്‍ മസ്‌ക് കമ്പനി ഏറ്റെടുക്കണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കും.

 

 

 

Back to top button
error: