CrimeNEWS

എട്ടുവയസുകാരനെ മര്‍ദ്ദിച്ചു കൊന്നത് അമ്മയുടെ കാമുകന്‍, കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ കേസില്‍ മാപ്പുസാക്ഷി

തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ എട്ടുവയസുകാരനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ പോലീസ് പ്രതി ചേര്‍ത്ത കുട്ടിയുടെ അമ്മ അര്‍ച്ചനയെ കോടതി മാപ്പുസാക്ഷിയാക്കി. തൊടപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍ കോടതിയാണ് അര്‍ച്ചനയെ മാപ്പുസാക്ഷിയാക്കിയത്.

കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടും മൗനം പാലിച്ചതും അരുണിന് രക്ഷപെടാന്‍ അവസരമൊരുക്കിയതുമാണ് അര്‍ച്ചനക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റം. കേസില്‍ മാപ്പുസാക്ഷിയാക്കണമെന്ന അമ്മയുടെ അപേക്ഷ പരിഗണിച്ച കോടതി അനുകൂല തീരുമാനമെടുക്കുകയായിരുന്നു.
കേസില്‍ വാദം വരും ദിവസങ്ങളിലും തുടരും. നാളെ പ്രതിഭാഗം വാദം കേട്ട ശേഷമായിരിക്കും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുക. തൊടപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍ കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ തന്നെ തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ സമയം വേണമെന്ന് പ്രതിഭാഗം നിലപാടെടുത്തു. തുടര്‍ന്ന് അധിക ദിവസത്തേക്ക് കേസ് നീട്ടാനാവില്ലെന്നും നാളെ പ്രതിഭാഗം വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. കേസില്‍ കുറ്റപത്രം വായിച്ചുകേള്‍ക്കാന്‍ പ്രതി അരുണ്‍ ആനന്ദിനെ നേരിട്ട് ഹാജാരാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ശാരീരിക അസ്വസ്ഥതകള്‍ മൂലം അരുണ്‍ ആനന്ദിന് ഹാജരാകാനായില്ല. പൂജപ്പുര സെന്‍ട്രല്‍ ജെയിലില്‍ കഴിയുന്ന അരുണ്‍ ഓണ്‍ലൈനായാണ് കേസ് കേട്ടത്. നാളെയും അരുണ്‍ ഓണ്‍ലൈനില്‍ ഹാജരാകാനാണ് സാധ്യത. പ്രതിഭാഗം കേട്ട ശേഷം കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും.

കേസിനാസ്പദമായ സംഭവം നടന്നത് 2019 മാര്‍ച്ചിലാണ്. സോഫയില്‍ മൂത്രമൊഴിച്ചു എന്ന് പറഞ്ഞ് പ്രതി അരുണ്‍ ആനന്ദ് എട്ടുവയസുകാരനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതാണ് മരണത്തിനിടയാക്കിയത്. കുട്ടിയെ നിലത്തിട്ട് ചവിട്ടി കാലില്‍ പിടിച്ച് തറയില്‍ അടിച്ച് തലച്ചോര്‍ പുറത്തുവന്നപ്പോഴാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്. ആശുപത്രി കിടക്കയില്‍ 10 ദിവസത്തോളം പോരാടിയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

Back to top button
error: