KeralaNEWS

ഗാന്ധിചിത്രം തകര്‍ത്ത കേസില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് പിഎ അടക്കം നാല് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റ ഓഫീസിലെ പേഴ്‌സണല്‍ അസിസ്റ്റ് രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ്ആര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിനു പിന്നാലെ ഇന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകള്‍ പ്രകാരമാണ് നാല് പേര്‍ക്കുമെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവ. നാല് പേരെയും ഇന്ന് തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്നാണ് വിവരം. പിടിയിലായ കെ എ മുജീബ് കോണ്‍ഗ്രസ് അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണ്.

രാഹുല്‍ ഗാന്ധിയുടെ വയനാട് കല്‍പറ്റയിലെ എംപി ഓഫീസ് ആക്രമണ കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കിയുള്ളതായിരുന്നു എസ്പിയുടെ റിപ്പോര്‍ട്ട്. ഓഫീസിലെ ചുവരില്‍ തൂക്കിയിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ് എഫ് ഐ പ്രവര്‍ത്തകരല്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയുമായിരുന്നു ഇതിനുള്ള പ്രധാന തെളിവ്. ഫോട്ടോകളും റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയിരുന്നു.

എസ് എഫ് ഐ പ്രവര്‍ത്തകര്‍ എംപി ഓഫീസില്‍ എംപിയുടെ കസേരയില്‍ വാഴ വെക്കുന്ന സമയത്ത് രാഹുല്‍ ഗാന്ധിയുടെ ചിത്രം ചുമരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയില്‍ കാണുന്നത് കമഴ്ത്തിയിട്ട നിലയിലായിരുന്നു. എം പി ഓഫിസില്‍ അതിക്രമിച്ച് കയറിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗാന്ധി ചിത്രം നശിപ്പിച്ചുവെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചത്.

സമരത്തിന് ശേഷം 25 എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുമ്പോള്‍ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫര്‍ 3.59ന് പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരില്‍ ഉണ്ടായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷം താഴേക്ക് പോയ ഫോട്ടോഗ്രാഫര്‍ തിരികെ എത്തുന്നത് 4.30 ന് ആണ്. ആ സമയം ഓഫീസിനുള്ളില്‍ കോണ്‍ഗ്രസ് , യു ഡി എഫ് പ്രവര്‍ത്തകര്‍ മാത്രമാണുള്ളത്. ഈ സമയത്ത് പകര്‍ത്തിയ ഫോട്ടോയില്‍ ഓഫിസ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.

കേസില്‍ 29 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജൂലൈ ആറിന് കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയിരുന്നു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന ജോയല്‍ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവര്‍ത്തകരും അടക്കം 29 പേര്‍ ജൂണ്‍ 26 നാണ് അറസ്റ്റിലായത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ക്ക് അന്ന് പാര്‍ട്ടി പ്രവര്‍ത്തകരും എസ് എഫ് ഐ പ്രവര്‍ത്തകരും വലിയ വരവേല്‍പ്പാണ് നല്‍കിയിരുന്നത്.

 

Back to top button
error: