IndiaNEWS

രാജഭരണകാലത്തെ വേട്ടക്കാരന്‍ ഇനി പ്രധാനന്ത്രിയുടെ കാവല്‍വ്യൂഹത്തില്‍; മോദിയുടെ എസ്.പി.ജി. സ്‌ക്വാഡില്‍ ഇടംനേടി മുദോള്‍ ഹണ്ട്

ന്യൂഡല്‍ഹി: തമിഴ്‌നാടിന്റെ രാജപാളം നായ്ക്കളെയും യു.പിയുടെ രാംപുര്‍ നായ് വിഭാഗത്തെയും പിന്നിലാക്കി പ്രധാനമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തില്‍ ഇടംപിടിച്ച് കര്‍ണാടകയുടെ മുദോള്‍ ഹണ്ട്. ഇതോടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്ന എസ്.പി.ജിയുടെ ഡോഗ് സ്‌ക്വാഡില്‍ ഇടം നേടുന്ന ആദ്യ തദ്ദേശീയ നായ് വിഭാഗം എന്ന ഖ്യാതി ഇനി മുദോള്‍ ഹണ്ടുകള്‍ക്ക് സ്വന്തം.

രാജഭരണ കാലത്ത് വ്യാപകമായി വേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന നായ് വിഭാഗമാണ് മുദോള്‍ ഹണ്ടുകള്‍. 72 സെന്റിമീറ്റര്‍ വരെ ഉയരം വയ്ക്കുന്ന മുദോള്‍ ഹണ്ടിന് പരമാവധി 22 കിലോഗ്രാം മാത്രമേ തൂക്കം വയ്ക്കൂ. മണം പിടിക്കാനുള്ള െവെദഗ്ധ്യത്തിനു പുറമേ ദീര്‍ഘനേരം തളര്‍ച്ചയില്ലാതെ ഓടാനും ഇവര്‍ക്ക് സാധിക്കും.

മെലിഞ്ഞ് ഉയരം കൂടിയ മുദോള്‍ ഹണ്ടുകളുടെ തല നന്നെ ചെറുതാണ്. വേട്ടനായ്ക്കളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുദോള്‍ ഹണ്ടുകള്‍ക്കു രാജ്യാന്തര രംഗത്തും ഏറെ പ്രിയമുണ്ട്. ഇത്തരം ഗുണങ്ങളെല്ലാം പരിഗണിച്ചാണ് തമിഴ്‌നാട്, യു.പി. നായ് വിഭാഗങ്ങളെ പിന്തള്ളി എസ്.പി.ജി. ഡോഗ് സ്‌ക്വാഡിലേക്ക് മുദോള്‍ ഹണ്ടിനെ തെരഞ്ഞെടുത്തത്.

നേരത്തേ തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി മന്‍ കീ ബാത്തില്‍ മുദോള്‍ ഹണ്ടുകളുടെ കാര്യക്ഷമതയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ഏപ്രിലില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള എസ്.പി.ജി. സംഘം കര്‍ണാടകയിലെ തിമ്മാപ്പൂരിലുള്ള കാനി റിസേര്‍ച്ച് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. ഏപ്രില്‍ 25 ന് ഇവിടെനിന്ന് രണ്ടു മാസം പ്രായമായ രണ്ട് മുദോള്‍ ഹണ്ട് നായ്ക്കുട്ടികളെ എസ്.പി.ജി. പരിശീലന കേന്ദ്രത്തിലേക്കു കൊണ്ടു പോയി. നിലവില്‍ ഇവയുടെ പരിശീലനം പുരോഗമിക്കുകയാണ്.

Back to top button
error: