KeralaNEWS

ഓണം സീസണില്‍ കാശുവാരാന്‍ ‘മുന്തിയ ഇനം’ കൂടുതല്‍ എത്തിക്കും; വിലക്കുറവുള്ള വിദേശമദ്യങ്ങളും ബീയറും കുറയ്ക്കും

പാലക്കാട്: ആറു മാസത്തിലധികമായി വിലക്കുറവുള്ള വിദേശമദ്യത്തിന് ബവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളില്‍ ക്ഷാമം രൂക്ഷമായിരിക്കേ ബീയര്‍ കുറയ്ക്കാനും മുന്തിയ ഇനം മദ്യം പരമാവധി എത്തിക്കാനും നിര്‍ദേശം. ഒാണം സീസണില്‍ പരമാവധി വരുമാനം ഉണ്ടാക്കാനും മദ്യക്ഷാമമെന്ന പ്രചാരണം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാലുള്ള ഈ നിര്‍ദേശമെങ്കിലും ഇതോടെ മൊത്തം ഉപഭോക്താക്കളില്‍ ബ്രാണ്ടി ഉള്‍പ്പെടെ ഉപയോഗിക്കുന്ന 63% പേര്‍ക്കാവശ്യമായ മദ്യത്തിനുള്ള ക്ഷാമം ഇനിയും രൂക്ഷമാകാനാണ് സാധ്യത. സമാന്തര വിപണിപോലെ വളര്‍ന്ന വ്യാജ വിദേശമദ്യ ലോബികള്‍ക്ക് ഈ നടപടി കൂടുതല്‍ അവസരമൊരുക്കിയേക്കുമെന്ന ആശങ്ക ഇപ്പോള്‍തന്നെ എക്‌സൈസിനും ഇന്റലിജന്‍സിനുമുണ്ട്. അതിനാല്‍ ഒാണക്കാലത്ത് ഇത്തവണ അതീവജാഗ്രത വേണ്ടിവരുമെന്നും അവര്‍ കണക്കുകൂട്ടുന്നു. പലയിടങ്ങളില്‍ വ്യാജ വിദേശമദ്യങ്ങള്‍ പിടികൂടുന്നത് ഇതിന്റെ വ്യക്തമായ സൂചനയായിട്ടാണ് അവര്‍ എടുക്കുന്നത്.

കോവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍ സാധാരണ മദ്യം പോലും വാങ്ങാന്‍ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം വിഷമിക്കുന്ന സാഹചര്യത്തില്‍ ‘ചീപ്പ് ഐറ്റം’ ലഭിക്കാതെ വരുന്നത് വലിയൊരു വിഭാഗത്തെ വ്യാജനിലേയ്ക്ക് തള്ളിവിട്ടേക്കും. ഡല്‍ഹി, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നിന്നും വ്യാജവിദേശികള്‍ വലിയതോതില്‍ എത്തുന്നതായി വിവരമുണ്ട്. കുടാതെയാണു സ്പിരിറ്റ് ഉപയോഗിച്ചു സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടക്കുന്ന വിദേശമദ്യനിര്‍മാണം. കോവിഡ് കാലയളവില്‍ വ്യാജ വിദേശമദ്യ നിര്‍മാണവും വില്‍പനയും മൊത്തം മദ്യവിപണിയുടെ 20 ശതമാനത്തില്‍ അധികമായെന്നു എക്‌സൈസ്, പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. നിയന്ത്രണങ്ങള്‍ മാറി വിപണി സജീവമായപ്പോഴും അതിനു കുറവുണ്ടായിട്ടില്ല. സ്പിരിറ്റിന്റെ ലഭ്യതക്കുറവാണ് സാധാരണക്കാര്‍ വാങ്ങുന്ന വിദേശി നിര്‍മിക്കുന്നതില്‍ വന്ന കുറവിനു കാരണമായി ബന്ധപ്പെട്ട കമ്പനികള്‍ പറയുന്നതെങ്കിലും യഥാര്‍ഥ കാരണം അതല്ലെന്നാണ് പ്രചാരണം. വിലകൂടിയ സ്പിരിറ്റുപയോഗിച്ചു ബവ്‌കോയുടെ വിലയില്‍ മദ്യം നിര്‍മിച്ചു നല്‍കാന്‍ കഴിയില്ലെന്നാണ് സ്വകാര്യ ബ്രൂവറികളുടെ നിലപാട്. പുതിയ നീക്കമനുസരിച്ച് അടുത്ത ദിവസങ്ങളില്‍ വിലകൂടിയ മദ്യത്തിന്റെ സ്റ്റോക്ക് വലിയതോതില്‍ ഔട്ട്ലെറ്റുകളിലെത്തും.

മാക്ഡവല്‍, ഹണീബി, റോയല്‍ ആംസ് തുടങ്ങിയ ഇനങ്ങളാണ് ഇടത്തരം ആളുകള്‍ കൂടുതല്‍ വാങ്ങുന്നത്. വിലക്കുറവുള്ള മദ്യത്തില്‍ ഇപ്പോള്‍ ആവശ്യത്തിന് ലഭിക്കുന്നത് ജവാന്‍ മാത്രമാണ്. അതിനു താഴെയുള്ളവ പേരിനു മാത്രമേ എത്തുന്നൂള്ളൂ. ജവാന്‍ ഒരു ലീറ്റര്‍ ബോട്ടില്‍ മാത്രമാണ് ലഭിക്കുകയെന്നതിനാല്‍ ബാറുകാര്‍ക്ക് അതു ചില്ലറയായി വില്‍ക്കുന്നതിലൂടെ കൂടുതല്‍ വരുമാനം ലഭിക്കും. എന്നാല്‍, മറ്റുള്ളവര്‍ക്ക് അതു വാങ്ങാന്‍ ത്രാണിയുമില്ല. കുറഞ്ഞവിലയുള്ള മൈസ്‌ചോയ്‌സ്, മലബാര്‍ ഹൗസ്, മൂഡ് മേക്കര്‍, ജമൈക്കര്‍ ബ്രാണ്ടി എന്നിവയ്ക്ക് കടുത്ത ക്ഷാമമാണ്. ക്യൂനിന്ന് സാധനം കിട്ടാതെ വരുന്നവര്‍ നേരെ വ്യാജനിലെത്തുന്നതാണ് സ്ഥിതി. എക്‌സൈസ് കണക്കനുസരിച്ച് വിദേശമദ്യം ഉപയോഗിക്കുന്നവരില്‍ 63% വിലക്കുറവുള്ള മദ്യമാണ് കഴിക്കുന്നത്. ബ്രാണ്ടി ഇനങ്ങള്‍ 32%, മറ്റുള്ളവ എല്ലാംകൂടി 5 ശതമാനമാണ് ആകെ വില്‍പന. ഭൂരിഭാഗവും വാങ്ങുന്ന ഇനങ്ങള്‍ക്ക് ക്ഷാമം നേരിടുമ്പോഴും ബവ്‌കോയുടെ വരുമാനത്തില്‍ ഇടിവു തട്ടാത്തതിനു കാരണം മറ്റു ഇനങ്ങളുടെ വന്‍ വിലവര്‍ധനയാണെന്നു കണക്കുകള്‍ പറയുന്നു. നാലുവര്‍ഷത്തിനിടെ മദ്യത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി ഏതാണ്ട് 33% കുറഞ്ഞെന്നാണ് എക്‌സൈസ് കണക്കെങ്കിലും അതിനുള്ള കാരണത്തെക്കുറിച്ച് തര്‍ക്കം തുടരുകയാണ്.

ഒര്‍ജിനലിനെ വെല്ലുന്ന വ്യാജവിദേശി നിര്‍മിച്ചു കൈമാറാന്‍ തെക്കന്‍ ജില്ലകളില്‍ 10 സംഘങ്ങളുണ്ടെന്നാണ് അനൗദ്യോഗിക വിവരം. എറണാകുളം, തൃശൂര്‍, പാലക്കാട് കേന്ദ്രീകരിച്ചാണ് ഇവ കൂടുതല്‍. അതിര്‍ത്തികടന്ന് ആവശ്യത്തിന് സാധനം എത്തുന്നതിനാല്‍ വടക്കന്‍ ജില്ലകളില്‍ ഇത്തരം സംഘങ്ങള്‍ കുറവാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ആദ്യ ലോക്ഡൗണിലേക്കാള്‍ രണ്ടാംതരംഗത്തിലാണ് വ്യാജ നിര്‍മാണവും വില്‍പനയും കൂടുതല്‍ നടന്നത്. അതു വലിയ കുറവില്ലാതെ ഇപ്പോഴും തുടരുന്നു. ബാറുകള്‍ തുടര്‍ച്ചയായി അടഞ്ഞുകിടന്നതും ബവ്‌കോ ഔട്ട്ലെറ്റുകളിലെ നിയന്ത്രണവും വ്യാജലോബിക്ക് സഹായമായി. ഈസമയത്ത് 15 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുകയും അവര്‍ക്കെതിരെ കേസെടുത്തതും വകുപ്പില്‍ മുന്‍പുണ്ടാകാത്ത നടപടിയാണ്. വ്യാജവിദേശി പ്രശ്‌നത്തില്‍ കഴിഞ്ഞദിവസവും ബാറുകളില്‍ വ്യാപക റെയ്ഡ് നടന്നു.

Back to top button
error: