SportsTRENDING

പ്ലയര്‍ ഓഫ് ദ മാച്ചോടെ തിരിച്ചുവരവ് ആഘോഷമാക്കി ദീപക് ചാഹര്‍; ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് താരം

ഹരാരെ: സിംബാബ്‌വെക്കെതിരെ ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് പേസര്‍ ദീപക് ചാഹര്‍. പരിക്കിനെ തുടര്‍ന്ന് ആറര മാസത്തോളം ടീമിന് പുറത്തായിരുന്നു താരം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരത്തെ ടീമിലെത്തിച്ചിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് സീസണ്‍ നഷ്ടമായി. എന്നാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദിയിലെ പരിചരണത്തിന് ശേഷം താരത്തെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഏഴ് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ചാഹര്‍ വീഴ്ത്തിയത്.

മത്സരത്തിലെ താരവും ചാഹറായിരുന്നു. ഇത്തരത്തില്‍ തിരിച്ചുവരാനായതില്‍ സന്തോഷമുണ്ടെന്ന് ചാഹര്‍ മത്സരശേഷം പറഞ്ഞു. ”സിംബാബ്‌വെയില്‍ എത്തുന്നതിന് മുമ്പ് നാലോ അഞ്ചോ പരിശീലന മത്സരങ്ങള്‍ ഞാന്‍ കളിച്ചിരുന്നു. എന്നാല്‍ ശരീരവും മനസും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ ആദ്യ ചില ഓവറുകളില്‍ സാധിച്ചില്ല. എന്നാല്‍ അതിന് ശേഷം താളം കണ്ടെത്താനായി. ആറര മാസങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു.” ചാഹര്‍ വ്യക്തമാക്കി.

ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് ക്യാപ്റ്റന്‍ രാഹുല്‍ മത്സരശേഷം പറഞ്ഞു. ”ഒരു മത്സരങ്ങള്‍ കഴിഞ്ഞ മാസങ്ങളായി നമ്മള്‍ കളിക്കുന്നുണ്ട്. പരിക്കുകള്‍ ഗെയിമിന്റെ ഭാഗമാണ്. ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന സമയം ഏറെ ബുദ്ധിമുട്ടായിരുന്നു. ഞാനും കുല്‍ദീപ് യാദവും ദീപകും എന്‍സിഎയില്‍ കരുമിച്ചുണ്ടായിരുന്നു. ടീമില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം.” രാഹുല്‍ പറഞ്ഞു.

മത്സരത്തില്‍ ഇന്ത്യ പത്ത് വിക്കറ്റിന് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 40.3 ഓവറില്‍ 189 എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്. ബ്രാഡ് ഇവാന്‍സ് (33), റിച്ചാര്‍ഡ് ഗവാര (34), റെഗിസ് ചകാബ (35) എന്നിവര്‍ മാത്രമാണ് സിംബാബ്‌വെ നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.5 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടമാക്കാതെ ലക്ഷ്യം മറികടന്നു. ശിഖര്‍ ധവാന്‍ (81), ശുഭ്മാന്‍ ഗില്‍ (82) എന്നിവര്‍ പുറത്താവാതെ നിന്നു. 113 പന്തില്‍ ഒമ്പത് ഫോര്‍ ഉള്‍പ്പെടുന്നതാണ് ധവാന്റെ ഇന്നിംഗ്‌സ്. ഗില്‍ 10 ഫോറും ഒരു സിക്‌സും നേടി. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. രണ്ടാ ഏകദിനം ശനിയാഴ്ച്ച നടക്കും. തിങ്കളാഴ്ച്ചയാണ് മൂന്നാം മത്സരം.

Back to top button
error: