ഇടുക്കി മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരുക്ക്

തൊടുപുഴ: ഇടുക്കി മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വണ്ടിയുടെ ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാളും തമിഴ്നാട് സ്വദേശിയാമെന്നാണ് സൂചന. റബ്ബര്‍ പാല്‍ കയറ്റിവന്ന ലോറിയാണ് ഇന്ന് ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് റബ്ബര്‍ പാല്‍ നിറച്ച ക്യാനുകളുമായി വന്ന ലോറി റോഡില്‍നിന്ന് നാല്‍പത് അടിയോളം താഴ്ചയിലേക്ക് പതിച്ചത്. അപകടത്തില്‍ വാഹനത്തിന്റെ കാബിന്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് രണ്ടുപേരെയും പുറത്തെടുക്കാന്‍ സാധിച്ചത്. ലോറിയുടെ കാബിന്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.

തുടര്‍ന്ന് ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു. വാഹനത്തില്‍ നിറയെ റബ്ബല്‍ പാല്‍ നിറച്ച വീപ്പകളാണ് ഉണ്ടായിരുന്നത്. അപകടം നടന്നതിന് സമീപത്ത് വീട് ഉണ്ടായിരുന്നെങ്കിലും വീട്ടിലുള്ളവര്‍ക്ക് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. പരിക്കേറ്റയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ലോറി പരിശോധിച്ചു. ലോറി നീക്കം ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉടനെ കൈകൊള്ളുമെന്ന് പൊലീസ് അറിയിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version