ആറുമാസം മുമ്പുണ്ടായ അപമാനത്തിന് പ്രതികാരം; ഗുണ്ടാനിയമപ്രകാരം റിമാന്‍ഡിലായിരുന്ന യുവാവിനെ ജയില്‍ മോചിതനായതിന് തൊട്ടുപിന്നാലെ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്‌നാട് മയിലാടുംതുറയില്‍ ജയില്‍ മോചിതനായതിന് തൊട്ടുപിന്നാലെ യുവാവിനെ വെട്ടിക്കൊന്നു. വണ്ണിയര്‍ സംഘം നേതാവുകൂടിയായ കണ്ണനാണ് കൊല്ലപ്പെട്ടത്. ഗുണ്ടാനിയമപ്രകാരം റിമാന്‍ഡിലായിരുന്നു ഇയാള്‍. ഗുണ്ടാസംഘങ്ങളുടെ മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

മയിലാടുംതുറ കോത തെരുവ് സ്വദേശിയായ കണ്ണനും തൊട്ടടുത്ത കലൈനാര്‍ കോളനി സ്വദേശി കതിരവനും തമ്മില്‍ ഏറെ നാളായി നിലനിന്ന വൈരാഗ്യമാണ് നിഷ്ഠൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ അടിപിടിയെത്തുടര്‍ന്ന് കതിരവന്റെ പരാതിയില്‍ ഗുണ്ടാ നിയമപ്രകാരം കണ്ണനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പാണ് കണ്ണന്‍ ജയില്‍മോചിതനായത്.

ആറ് മാസം മുമ്പുണ്ടായ സംഭവത്തില്‍ അപമാനിതനായ കതിരവന്‍ കണ്ണനോട് പകവീട്ടാന്‍ തക്കംപാര്‍ത്തിരിക്കുകയായിരുന്നു. ഇന്നലെ രാത്രി കണ്ണനും സുഹൃത്തുക്കളും മയിലാടുതുറ പുതിയ ബസ്റ്റാന്‍ഡിലെ മുറുക്കാന്‍ കടയില്‍ നിന്ന് പാന്‍ വാങ്ങി മടങ്ങുമ്പോള്‍ പതിയിരുന്ന കതിരവന്റെ സംഘം ആക്രമിച്ചു. മുഖത്തും നെഞ്ചിനും വെട്ടി കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന രഞ്ജിത്, ദിവാകര്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. കൊലയാളി സംഘത്തില്‍ 12 പേരുണ്ടെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് കണ്ടെത്തി.

 

പ്രതികള്‍ക്കായി മയിലാടുംതുറ പൊലീസ് തെരച്ചില്‍ തുടരുകയാണ്. കൊല നടക്കുന്ന സമയത്ത് കണ്ണനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ദിവാകറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണനെ ഇവിടേക്ക് എത്തിക്കുന്നതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൊല്ലപ്പെട്ടത് വണ്ണിയര്‍ സംഘം നേതാവ് കൂടി ആയതുകൊണ്ട് പ്രദേശത്ത് സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുകയാണ്. മയിലാടുംതുറ നഗരത്തില്‍ വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version