KeralaNEWS

‘പടുരാക്ഷസ ചക്രവര്‍ത്തിയെന്‍ ഉടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ’; ആശാന്‍ അന്നുപറഞ്ഞത് ഇന്ന് കൂടുതല്‍ തെളിഞ്ഞുവരുന്നു: സുനില്‍ പി. ഇളയിടം

കൊച്ചി: പീഡനക്കേസില്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതിവിധി വന്‍ വിവാദമായിരിക്കെ പ്രതികരണവുമായി സുനില്‍ പി. ഇളയിടം. പെണ്‍കുട്ടി മോശമായി വസ്ത്രം ധരിച്ചതുകൊണ്ടാണ് കയറിപ്പിടിച്ചതെന്ന് പറയുന്നവര്‍ക്കുള്ള ഉത്തരം കുമാരനാശാന്‍ പണ്ടേ എഴുതിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘പടുരാക്ഷസ ചക്രവര്‍ത്തിയെന്‍ ഉടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ’ എന്ന് ആശാന്‍ എഴുതിയത് 1916 ലാണ്. അത് ഇന്നത്തെ കാലത്ത് കൂടുതല്‍ തെളിഞ്ഞുവരുന്നു. ബലാത്സംഗം ചെയ്യപ്പെട്ടത് പെണ്‍കുട്ടിയുടെ കുറ്റമാണ് എന്ന നിലയിലാണ് ഇന്ന് വ്യാഖ്യാനം. ഈ ചിത്രപ്രദര്‍ശനത്തിലും നീതിയെ വിഷയമാക്കി ഒരു ചിത്രം കണ്ടു. ‘അറിവ് നീതി ബോധമായില്ലെങ്കില്‍ എന്തുകാര്യം?’ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ തുടരുന്ന നേമം പുഷ്പരാജിന്റെ ഡിസ്റ്റോപിയ കലാ പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

അതിനിടെ, സിവിക് ചന്ദ്രനെതിരായ ആദ്യ പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവും വിവാദത്തിലായി. കേസില്‍ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം നിലനില്‍ക്കില്ലെന്ന നിരീക്ഷണമാണ് വിവാദത്തിലായത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണെന്ന് അറിഞ്ഞുകൊണ്ട് ചൂഷണം ചെയ്യുന്ന രീതിയിലുള്ള കുറ്റകൃത്യം പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും പ്രതി ജാതി മത വിവേചനങ്ങള്‍ ഉള്ള ആളല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന് തെളിവായി സിവിക് ചന്ദ്രന്റെ ജാതി രേഖപ്പെടുത്താത്ത എസ്എസ്എല്‍സി ബുക്കും കോടതിയില്‍ ഹാജരാക്കിയിരുന്നു.

കഴിഞ്ഞദിവസം സിവിക് ചന്ദ്രനെതിരായ മറ്റൊരു പീഡനക്കേസില്‍ ഇതേ കോടതി നടത്തിയ പരാമര്‍ശമാണ് വന്‍ തോതിലുള്ള വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗിക പ്രകോപനമുണ്ടാക്കുന്നതാണെന്നും അതിനാല്‍ പ്രഥമദൃഷ്ട്യാ ലൈംഗികപീഡന പരാതി നിലനില്‍ക്കില്ലെന്നുമായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ പറഞ്ഞിരുന്നത്. കോടതിയുടെ പരാമര്‍ശം ദേശീയതലത്തിലടക്കം വാര്‍ത്തയായതോടെ ദേശീയ വനിതാ കമ്മീഷനും പരാമര്‍ശത്തെ അപലപിച്ചിരുന്നു.

Back to top button
error: