മലയാളി സൈനികന്‍ മധ്യപ്രദേശില്‍ തകര്‍ന്ന കാറില്‍ മരിച്ചനിലയില്‍

കൊച്ചി: മലയാളി സൈനികനെ മധ്യപ്രദേശില്‍ തകര്‍ന്ന കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം മാമംഗലം സ്വദേശി നിര്‍മ്മല്‍ ശിവരാജിന്റെ (30) മൃതദേഹമാണ് കണ്ടെത്തിയത്.

മധ്യപ്രദേശിലെ പാട്‌നി മേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജബല്‍പുരില്‍ സൈനിക ക്യാപ്റ്റനായ ഭാര്യയുടെ അടുത്ത് നിന്ന് പച്മഢിയിലേക്ക് പോയതായിരുന്നു ക്യാപ്റ്റന്‍ നിര്‍മ്മല്‍. ഇതിനിടെയാണ് അപകടത്തില്‍പെട്ടത്. തിങ്കളാഴ്ചയാണ് അദ്ദേഹം ജബല്‍പുരില്‍ നിന്ന് പച്മഢിയിലേക്കു പോയത്. പോകുന്ന വഴി രാത്രി എട്ടരമണിയോടെ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

പ്രദേശത്ത് കനത്ത മഴയാണെന്നും റോഡില്‍ തടസങ്ങളാണെന്നും വീട്ടുകാരെ അറിയിച്ചിരുന്നു. അതിനുശേഷം നിര്‍മ്മല്‍ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. ദിവസവും രാവിലെ അമ്മയുമായി സംസാരിക്കുമായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ വിളിക്കാതായതോടെയാണ് ആശങ്ക കനത്തത്.

ഇതേത്തുടര്‍ന്ന് വിവിധതലങ്ങളില്‍ അന്വേഷണം നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ട നിലയില്‍ രാവിലെ 11 മണിയോടുകൂടിയാണ് കണ്ടെത്തിയത്. കാറിന്റെ ചില്ല് തകര്‍ന്ന നിലയിലായിരുന്നു. കാര്‍ മിന്നല്‍പ്രളയത്തില്‍ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version