TechTRENDING

പ്രപഞ്ചരഹസ്യങ്ങളിലേക്ക് കണ്ണുവയ്ക്കുന്ന സ്വര്‍ണക്കണ്ണാടി; അറിയാം ജെയിംസ് വെബിന്റെ ‘സുവര്‍ണ’ രഹസ്യങ്ങള്‍

പ്രപഞ്ചത്തിന്റെ ആദിമ നക്ഷത്രസമൂഹങ്ങളിലേക്കുവരെ മനുഷ്യന്റെ നോട്ടമെത്തിക്കുന്ന ജെയിംസ്വെബ് ടെലസ്‌കോപ്പ് ഇതനോടകം വന്‍ ചര്‍ച്ചയായിക്കഴിഞ്ഞു. പ്രവര്‍ത്തനം ആരംഭിച്ച് ദിവസങ്ങള്‍ക്കകം അവ പകര്‍ത്തിയ ദൃശ്യങ്ങള്‍ ലോകത്തെയാകെ അദ്ഭുതപ്പെടുത്തി. ഇതുവരെ ബഹിരാകാശ ചിത്രങ്ങള്‍ പകര്‍ത്തിയതില്‍ ഏറ്റവും ശക്തവും വലുതുമായ ടെലസ്‌കോപ്പ് എന്നാണ് ജെയിംസ്വെബിനെ ശാസ്ത്രലോകം വിലയിരുത്തുന്നത്. പ്രപഞ്ച രഹസ്യങ്ങളിലേക്ക് വെളിച്ചംവീശുന്ന ചിത്രങ്ങള്‍ ഈ വിലയിരുത്തല്‍ ശരിവയ്ക്കുകയും ചെയ്യുന്നു. പതിമൂന്ന് ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാഴ്ചകളിലേക്ക് ഗവേഷകരെയും ജ്യോതിശാസ്ത്രജ്ഞരെയും കൂട്ടിക്കൊണ്ടുപോകാന്‍ ഈ ദൂരദര്‍ശിനിക്ക് കഴിഞ്ഞു.

ജെയിംസ്വെബ് പകര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പം, മായക്കാഴ്ചകളിലേക്ക് നോട്ടമെത്തിക്കുന്ന അതിന്റെ സ്വര്‍ണക്കണ്ണാടിയും ആളുകളുടെ ശ്രദ്ധയും കൗതുകവും പിടിച്ചുവാങ്ങി. പ്രപഞ്ചരഹസ്യങ്ങളിലേക്കുള്ള സ്വര്‍ണക്കണ്ണ് എന്ന് ഈ കണ്ണാടിയെ വിശേഷിപ്പിക്കാം. ഇതു ശരിക്കും സ്വര്‍ണമാണോ? എന്തുകൊണ്ട് സ്വര്‍ണം എന്നിങ്ങനെ പല സംശയങ്ങളും നമുക്കുണ്ടാവാം. ശരിക്കും ജെയിംസ് വെബിന്റെ ഏറ്റവും പ്രധാനഘടകം ഈ സ്വര്‍ണക്കണ്ണാടിയാണ്. നിറം മാത്രമല്ല, ശരിക്കും ഈ കണ്ണാടി നിര്‍മിച്ചിരിക്കുന്നതും സ്വര്‍ണത്തില്‍തന്നെയാണ് എന്നതാണ് വസ്തുത. ഒരു ദൂരദര്‍ശിനിയിലെ കണ്ണാടിക്ക് കഴിയുന്നത്ര പ്രകാശം പ്രതിഫലിപ്പിക്കാന്‍ ഏതെങ്കിലും ലോഹം കൊണ്ടുള്ളൊരു ആവരണം ആവശ്യമാണ്. കൈകാര്യം ചെയ്യേണ്ടിവരുന്ന പ്രകാശത്തെ അടിസ്ഥാനമാക്കിയാണ് ഏതുതരത്തിലുള്ള ലോഹമാണ് പൂശേണ്ടത് എന്ന് തീരുമാനിക്കുക.

എന്തുകൊണ്ട് സ്വര്‍ണക്കണ്ണാടി

ജെയിംസ് വെബില്‍ സ്വര്‍ണക്കണ്ണാടി ഉപയോഗിക്കാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. പ്രപഞ്ചം രൂപപ്പെട്ടപ്പോള്‍ ഉണ്ടായ പ്രകാശമുള്ള വസ്തുക്കള്‍ പുറപ്പെടുവിച്ച അള്‍ട്രാവയലറ്റ് വികിരണവും ദൃശ്യപ്രകാശവും പ്രപഞ്ചത്തിന്റെ വികാസം കാരണം നീണ്ടുകിടക്കുന്നതാണ് ഒരു കാരണം.

രണ്ടാമതായി, ഗ്രഹങ്ങളും നക്ഷത്രങ്ങളും പൊടിയുടെയും വാതകത്തിന്റെയും ഇടയിലാണുള്ളത്. ഈ പൊടി നമ്മുടെ കാഴ്ചയ്ക്ക് തടസമാകും. ഇതിലൂടെ കടന്നുപോകുന്ന ഇന്‍ഫ്രാറെഡ് പ്രകാശങ്ങളാണ് കാഴ്ചകള്‍ കാണാന്‍ ദൂരദര്‍ശിനിയെ പ്രാപ്തമാക്കുന്നത്. അതിനാല്‍, ഇന്‍ഫ്രാറെഡ് പ്രകാശം നിരീക്ഷിക്കാന്‍ കഴിയുന്നത്ര പ്രകാശം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ദൂരദര്‍ശിനിയുടെ കണ്ണാടികള്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് നാസയിലെ ജെ.എസ്.ഡബ്ല്യു.ടിയുടെ ഡെപ്യൂട്ടി പ്രോജക്ട് മാനേജര്‍ പോള്‍ ഗീത്‌നര്‍ ഇതേപ്പറ്റി വ്യക്തമാക്കുന്നത്.

പ്രകാശപ്രതിഫലനത്തിന്റെ ‘സ്വര്‍ണ’ മിടുക്ക്

പ്രകാശത്തെ സവിശേഷമായി പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള ചില ലോഹങ്ങള്‍ മാത്രമാണ് ഉള്ളത്. അത്തരം ലോഹങ്ങളില്‍ ബഹിരാകാശത്തിന് ഏറ്റവും അനുയോജ്യമായത് സ്വര്‍ണം ആണെന്നാണ് നാസയുടെ വിലയിരുത്തല്‍. അലുമിനിയത്തിന് 85ശതമാനവും വെള്ളിക്ക് 95ശതമാനവും സ്വര്‍ണത്തിന് 99 ശതമാനവും പ്രകാശം പ്രതിഫലിപ്പിക്കാന്‍ കഴിയും. ഇവയില്‍ വെള്ളിയെയും അലുമിനിയത്തെയും അപേക്ഷിച്ച് കൂടുതല്‍ പ്രകാശം ബഹിരാകാശത്ത് പ്രതിഫലിപ്പിക്കാന്‍ കഴിയുക സ്വര്‍ണത്തിനാണ് എന്നതാണ് ടെലസ്‌കോപ്പിനായി സ്വര്‍ണത്തെ തെരഞ്ഞെടുക്കാന്‍ നാസയെ പ്രേരിപ്പിച്ചത്.

പ്രതിഫലന ഗുണം പരമാവധി പ്രയോജനപ്പെടുത്താനാണ് ടെലസ്‌കോപ്പിന്റെ കണ്ണാടിയില്‍ സ്വര്‍ണം പൂശിയിരിക്കുന്നത്. വാക്വം വേപര്‍ ഡിപ്പോസിഷന്‍ എന്ന പ്രക്രിയയിലൂടെയാണ് ദൂരദര്‍ശിനിയുടെ കണ്ണാടികളില്‍ സ്വര്‍ണ കോട്ടിംഗ് നടത്തുന്നത്. കണ്ണാടികള്‍ ഒരു വാക്വം ചേമ്പറിനുള്ളില്‍ സ്ഥാപിക്കുകയും ചെറിയ അളവില്‍ സ്വര്‍ണം കണ്ണാടിയില്‍ നിക്ഷേപിക്കുകയുമാണ് ഈ പ്രക്രിയയില്‍ ചെയ്യുന്നത്.

Back to top button
error: