KeralaNEWS

ഇന്ന് ശ്രീകൃഷ്ണജയന്തി, ഉണ്ണിക്കണ്ണന്മാരെയും രാധമാരെയും വരവേല്‍ക്കാന്‍ നാടൊരുങ്ങി

ദ്വാപരയുഗ സ്മരണകളുയർത്തി ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയാണ് കേരളം. നാടും നഗരവും ജന്മാഷ്ടമി ആഘോഷങ്ങൾക്കായി ഒരുങ്ങി കഴിഞ്ഞു. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേർന്ന് നാടിനെ അമ്പാടിയാക്കുന്ന കാഴ്ചയ്‌ക്കാണ് ഓരോ മലയാളികളും ഇന്ന് സാക്ഷ്യം വഹിക്കുക.

ശ്രാവണമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയാണ് ഉത്തരഭാരതത്തിൽ ജന്മാഷ്ടമി. എന്നാൽ കേരളത്തിനിത് ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയാണ്. കൊറോണ മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ ലളിതമായിട്ടായിരുന്നു അഷ്ടമി രോഹിണി ദിനത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്.

പക്ഷേ ഇത്തവണ പതിനായിരത്തിലേറെ ശോഭായാത്രകളാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആറന്മുള, കൊച്ചി, ഗുരുവായൂർ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്ര സംഗമങ്ങൾ വിപുലമായി നടക്കും. ഗുരുവായൂരിലും ആറന്മുളയിലും പ്രത്യേക ചടങ്ങുകളുണ്ടാകും. അഷ്ടമി രോഹിണി വള്ളസദ്യയുൾപ്പെടെയാണ് ആറന്മുളയിൽ നടക്കുന്നത്.
കുട്ടികള്‍ക്കായി വിവിധ സംഘടനകള്‍ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചശേഷം ഉള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി ആയതിനാല്‍ ആഘോഷങ്ങള്‍ വിപുലമാക്കിയിട്ടുണ്ട്.
അഷ്ടമി രോഹിണി ആഘോഷത്തിനായി ഗുരുവായൂര്‍ ക്ഷേത്രവും ഒരുങ്ങി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ ദിനത്തിൽ നിരവധി ഭക്തജങ്ങളാണ് എത്താറുള്ളത്. ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം ഏര്‍പെടുത്തിയിട്ടുണ്ട്.

 

Back to top button
error: