ജിയോ തന്നെ മുന്നില്‍, വിഐക്ക് വീണ്ടും നഷ്ടം

ദില്ലി: രാജ്യത്തെ ടെലികോം ഉപഭോക്താക്കളുടെ എണ്ണത്തിൽ വീണ്ടും വർധന. 117.29 കോടിയായി ജൂണിൽ ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു. റിലയൻസ് ജിയോ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുമായി മുന്നിലെത്തി. മെയ് മാസത്തിൽ രാജ്യത്ത് 117.07 കോടി സബ്സ്ക്രൈബർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ, ജൂൺ മാസമായപ്പോൾ 117.29 കോടിയായി ഉയർന്നു. 0.19 ശതമാനമാണ് രണ്ട് മാസങ്ങൾക്കിടയിൽ ഉണ്ടായ വളർച്ച. വയർലെസ് സബ്സ്ക്രൈബർമാരുടെ എണ്ണം മെയ് മാസത്തിൽ 114.55 കോടിയായിരുന്നത് ജൂണിൽ 114.73 കോടിയായി.

റിലയൻസ് ജിയോക്ക് ജൂണവസാനം 41.3 കോടി സബ്സ്ക്രൈബർമാരായി. ജൂണിൽ 42.23 ലക്ഷം പേരെ കൂടെ ചേർത്തു. ഭാരതി എയർടെൽ ഉപഭോക്താക്കളുടെ എണ്ണം 36.29 കോടിയായി. 7.93 ലക്ഷമാണ് വർധന. വൊഡഫോൺ ഐഡിയക്കും ഇക്കുറിയും സബ്സ്ക്രൈബർമാരെ നഷ്ടമായി. 18 ലക്ഷം പേർ വിഐയെ കൈവിട്ടതോടെ സബ്സ്ക്രൈബർമാരുടെ എണ്ണം 25.66 കോടിയായി. ബിഎസ്എൻഎല്ലിന് 13.27 ലക്ഷവും എംടിഎൻഎല്ലിന് 3038 സബ്സ്ക്രൈബർമാരെയും നഷ്ടമായി.

ഫിക്സഡ് ലൈൻ ഉപഭോക്താക്കളുടെ എണ്ണത്തിലും റിലയൻസാണ് മുന്നിൽ. 2.4 ലക്ഷം പുതിയ കണക്ഷനാണ് ജിയോ നേടിയത്. വൊഡഫോൺ ഐഡിയ 84760 പുതിയ കണക്ഷൻ ചേർത്തു. ഭാരതി എയർടെൽ 59289 കണക്ഷൻ നേടി. ക്വാഡ്രന്റ് 7378 കണക്ഷനും നേടി. ബിഎസ്എൻഎല്ലിന് 32038 ഉപഭോക്താക്കളെ നഷ്ടമായി. എംടിഎൻഎല്ലിന് 16548 ഉപഭോക്താക്കളെയും ടാറ്റ ടെലി സർവീസിന് 8248 ഉപഭോക്താക്കളെയും നഷ്ടമായി.

രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ഈയടുത്താണ് അവസാനിച്ചത്. ജിയോ, എയർടെൽ കമ്പനികളാണ് ലേലത്തിൽ മുന്നിൽ. ലേലത്തിന്റെ സിംഹഭാ​ഗവും ജിയോ സ്വന്തമാക്കി. 5 ജി കൂടി എത്തുന്നതോടെ രാജ്യത്തെ ടെലികോം മേഖലയിൽ വൻ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. ആദ്യം 5ജി സേവനം എത്തിക്കാനുള്ള മത്സരത്തിലാണ് കമ്പനികൾ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version