NEWSWorld

സഹപ്രവര്‍ത്തകൻ ആലിംഗനം ചെയ്തു, യുവതിയുടെ 3 വാരിയെല്ലുകള്‍ ഒടിഞ്ഞു; നഷ്ടപരിഹാരം തേടി യുവതി കോടതിയിൽ

ആലിംഗനം സ്നേഹത്തിൻ്റെ പ്രതീകമാണെന്നാണ് നാം കരുതുന്നത്. എന്നാൽ സ്നേഹ ശൂന്യമായ സന്ദർഭങ്ങളിലും ചിലർ ആലിംഗനം ചെയ്യാറുണ്ട്. പക്ഷേ ഇത്ര വ്യത്യസ്തമായ ഒരാലിംഗനത്തെക്കുറിച്ച് ആദ്യമായാവും കേൾക്കുന്നത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ യൂയാംഗ് നഗരത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരിക്കാണ് സുഹൃത്തിന്റെ ഒരൊറ്റ ആലിംഗനത്തില്‍ മൂന്ന് വാരിയെല്ലുകള്‍ ഒടിഞ്ഞത്.

ഓഫിസില്‍ നിന്നു പുറത്തുവരുന്ന വഴി ഒരു സുഹൃത്തുമായി സംസാരിക്കുന്നതിന് ഇടയിലാണ് അവളുടെ വാരിയെല്ല് ഒടിയാനിടയായ ആലിംഗനം നടന്നത്. ഒരു പുരുഷ സഹപ്രവര്‍ത്തകന്‍ അടുത്തു വന്ന് അവളെ മുറുക്കെ കെട്ടിപ്പിടിക്കുകയായിരുന്നു. ഒരൊന്നൊന്നര കെട്ടിപ്പിടിത്തമായിരുന്നു അതെന്ന് യുവതി പറയുന്നു.

വലതു ഭാഗത്തെ രണ്ട് വാരിയെല്ലും ഇടതുഭാഗത്തെ ഒരെല്ലുമാണ് ഒടിഞ്ഞത്. ചികിത്സയ്ക്കായി നല്ല പണം ആവശ്യമായി വന്നു. ഒരാഴ്ച ആശുപത്രിയില്‍ കിടന്നപ്പോള്‍ വേദന കുറഞ്ഞു. അതു കഴിഞ്ഞ് വീട്ടില്‍ കുറച്ചു ദിവസം വിശ്രമിക്കേണ്ടി വന്നു. ശമ്പളമില്ലാത്ത ലീവ് എടുത്തതിനാല്‍ പണത്തിനായി അവള്‍ വല്ലാതെ ബുദ്ധിമുട്ടി.

അങ്ങനെ സഹായം അഭ്യര്‍ഥിച്ചാണ് തന്നെ കെട്ടിപ്പിടിച്ച സഹപ്രവര്‍ത്തകനെ തേടി അവള്‍ പോയത്. തന്റെ അവസ്ഥ അയാളോട് പറഞ്ഞ്, പണം തന്ന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ സമ്മതിച്ചില്ല. എല്ലു പൊട്ടിയത് തന്റെ ആലിംഗനം കാരണമാണ് എന്നതിന് തെളിവില്ല എന്നായിരുന്നു അയാളുടെ ന്യായം.

ഇതോടെയാണ്, യുന്‍ക്സിയിലെ കോടതിയില്‍ അവള്‍ സുഹൃത്തിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് കോടതി സംഭവം വിശദമായി പരിശോധിച്ചു. ആശുപത്രിയില്‍ പോവുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ അവള്‍ മറ്റൊരു കാര്യത്തിലും ഇടപെട്ടില്ല എന്ന് കോടതി വിധിച്ചു. അവളുടെ എല്ലു പൊട്ടിയതിന് കാരണം ആലിംഗനമാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന്, അവള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി അയാളോട് ആവശ്യപ്പെട്ടു. പതിനായിരം യുവാന്‍ (1.16 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചത്.

Back to top button
error: