ക്യാന്‍സര്‍ കണ്ടെത്താന്‍ സ്‌പെഷ്യല്‍ ക്യാമ്പുകള്‍

ആരോഗ്യ മേഖലയില്‍ പുതിയ അധ്യായം

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതി തുടങ്ങി രണ്ട് മാസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായത്. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിലും അനിവാര്യമായ കാര്യങ്ങളാണ്. ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കി രോഗം നിയന്ത്രിക്കുകയും വരാന്‍ സാധ്യതയുള്ളവര്‍ക്ക് (റിസ്‌ക് ഫാക്‌ടേഴ്‌സ് കണക്കാക്കി സാധ്യത നിര്‍ണയം) രോഗത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ പിന്തുണയും നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നവകേരളം കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായുള്ള ആര്‍ദ്രം മിഷന്‍ വഴി ഈ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഏറ്റവും പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണിത്. ഇതിനായി ശൈലി ആപ്പ് രൂപപ്പെടുത്തുന്ന വേളയില്‍ ക്യാന്‍സര്‍ രോഗ നിയന്ത്രണം, സാന്ത്വന പരിചരണം എന്നീ മേഖലകളെ കൂടി ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ഇവ ഉള്‍പ്പെടുത്തുകയും ചെയ്തു. ക്യാന്‍സര്‍ കണ്ടെത്താന്‍ സ്‌ക്രീനിംഗിലൂടെ സാധ്യതയുള്ളവര്‍ക്ക് ക്യാമ്പ് നടത്തി സ്‌പെഷ്യലിസ്റ്റ് പരിശോധന നടത്തുന്നതാണ്. വയനാട്, പത്തനംതിട്ട ജില്ലകളില്‍ ഇത്തരം ക്യാമ്പ് നടത്തി സ്‌പെഷ്യലിസ്റ്റ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

 

ഈ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ പോയി കണ്ട് സ്‌ക്രീനിഗ് നടത്തി രോഗസാധ്യത കണ്ടെത്തുന്നു. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കുന്നു. പദ്ധതി ആരംഭിച്ച് രണ്ട് മാസത്തിനുള്ളില്‍ സംസ്ഥാന വ്യാപകമായി 10,22,680 പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തി. അതില്‍ 20.45 ശതമാനം പേര്‍ (2,09,149) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്ന റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version