ദിലീപ് നായകനാകുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ ഒരു പാൻ-ഇന്ത്യൻ ചിത്രമായി അണിയറയിൽ ഒരുങ്ങുന്നു

 സംവിധായകൻ റാഫിയ്‌ക്കൊപ്പം, ദിലീപ് മുഖ്യവേഷത്തിൽ അഭിനയിക്കുന്ന ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ചെങ്കിലും നിർമ്മാതാക്കൾ ഇത് കുറച്ചു നാളത്തേക്ക് നിർത്തിവച്ചിരിക്കുകയായിരുന്നു. ഇപ്പോൾ മുംബൈയിൽ ദ്രുതഗതിയിൽ ചിത്രീകരണം പുരോഗമിക്കുന്നു.

വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളെ ഉൾപ്പെടുത്തി ഒരു പാൻ-ഇന്ത്യൻ സിനിമയായാണ് ‘വോയ്‌സ് ഓഫ് സത്യനാഥൻ’ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് ഈ രംഗത്തെ പ്രമുഖർ അറിയിച്ചു. ‘പ്രണയം’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ബോളിവുഡ് താരം അനുപം ഖേർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രകാശ് രാജ്, ജഗപതി ബാബു, മകരന്ദ് ദേശ്പാണ്ഡെ തുടങ്ങിയ മുതിർന്ന താരങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘കെട്ട്യോളാണെന്റെ മാലാഖ’ ഫെയിം വീണാ നന്ദകുമാർ, ജോജു ജോർജ്ജ്, സിദ്ദിഖ്, ജോണി ആന്റണി, ‘വിക്രം’ ഫെയിം ജാഫർ സാദിഖ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ റാഫിയുമായി ദിലീപ് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വോയ്‌സ് ഓഫ് സത്യനാഥൻ’. ദിലീപ് നായകനായ ‘റിംഗ് മാസ്റ്റർ’ എന്ന ചിത്രത്തിലൂടെയാണ് റാഫി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. റാഫി തന്റെ മുൻ ചലച്ചിത്ര പങ്കാളിയായ മെക്കാർട്ടിനുമായി ചേർന്ന് ‘പഞ്ചാബി ഹൗസ്’, തെങ്കാശിപട്ടണം’, ‘പാണ്ടിപ്പട’, ‘ചൈന ടൗൺ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്തിട്ടുണ്ട്.

‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ തിരക്കഥയും റാഫി തന്നെയാണ്. യുവനിരയിലെ ശ്രദ്ധേയനായ ജിതിൻ സ്റ്റാൻസ്ലാവോസ് ഛായാഗ്രഹണവും ‘ജോജി’ ഫെയിം ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. ഷമീർ മുഹമ്മദാണ് എഡിറ്റർ.

ദിലീപ്, ബാദുഷ എൻ എം, പ്രിജിൻ ജെ പി, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

റിപ്പോർട്ട്: ജയൻ

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version