കേരള സവാരിക്ക് തുടക്കമായി : മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തിൽ നടന്ന ചടങ്ങിൽ കേരള സവാരിയിലെ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.നവ ഉദാരവൽക്കരണ നയങ്ങൾ നമ്മുടെ പരമ്പരാഗത തൊഴിൽ മേഖലകളെയും തൊഴിലാളികളെയും ഏറെ പ്രതികൂലമായി ബാധിക്കുന്ന ഘട്ടത്തിൽ ചൂഷണമില്ലാത്ത ഒരു വരുമാന മാർഗം മോട്ടോർ തൊഴിലാളികൾക്ക് ഉറപ്പിക്കാൻ തൊഴിൽ വകുപ്പ് ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് കേരള സവാരിയെന്ന് ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു കൊണ്ട് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൈലറ്റ് അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നടപ്പാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുമെന്നും പദ്ധതി ആരംഭിച്ചതിനു ശേഷം എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

സുരക്ഷയാണ് കേരളസവാരിയുടെ പ്രത്യേകത. ഓരോ ഡ്രൈവർക്കും പോലീസ് ക്ലിയറൻസ് ഉണ്ടായിരിക്കും.അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി കേരള സവാരി ആപ്പിൽ ഒരു പാനിക്ക് ബട്ടൺ സംവിധാനമുണ്ട് . ഡ്രൈവർക്കോ യാത്രികർക്കോ പരസ്പരം അറിയാതെ ഈ ബട്ടൺ അമർത്താനാകും. ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ സേവനം വേഗത്തിൽ നേടാൻ ഇത് ഉപകരിക്കും.തൊഴിലാളികളുടെയും യാത്രക്കാരുടെയും താല്പര്യങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടണമെന്നും അക്കാര്യം സർക്കാർ ഉറപ്പു വരുത്തുമെന്നും മന്ത്രി അറിയിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version