IndiaNEWS

ആപത്തില്‍ സഹായിച്ച ഇന്ത്യയെ കാലുവാരി; മൂക്കറ്റം കടത്തില്‍ മുക്കിയിട്ടും ലങ്കയ്ക്ക് ചങ്ക് ചൈന

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞപ്പോള്‍ സഹായഹസ്തം നീട്ടിയിട്ടും ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ, കുതന്ത്രത്തില്‍ കുടുങ്ങി ചൈനീസ് ചാരക്കപ്പലിന് ലങ്ക വാതില്‍തുറന്നതോടെ ആശങ്കയുടെ ചുഴിയിലകപ്പെട്ട് ഇന്ത്യ. ഇന്നലെ പുലര്‍ച്ചെ നാലു മണിക്ക് ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5ന് തീരത്തടുക്കാനുള്ള അവസാന ഉത്തരവും ശ്രീലങ്കന്‍ സര്‍ക്കാര്‍ നല്‍കിയതോടെ അയല്‍ക്കാരെ വിശ്വസിച്ച ഇന്ത്യക്കേറ്റത് കനത്തതിരിച്ചടി. അനുമതി കിട്ടി മണിക്കൂറുകള്‍ക്കകംതന്നെ യുവാന്‍ വാങ് ഹമ്പന്‍തോഡ തുറമുഖത്തെത്തി. ഈ മാസം 21 വരെ കപ്പല്‍ ഇവിടെ തുടരും.

ഇന്ത്യയുടെ അഭ്യര്‍ഥനമാനിച്ച് ചൈനീസ് ചാരക്കപ്പലിനോട് യാത്ര ഒഴിവാക്കണമെന്ന് ലങ്ക ആദ്യം ആവശ്യപ്പെട്ടെങ്കിലും ഇതിനു വഴങ്ങാതിരുന്ന ചൈന, ലങ്കന്‍ മുന്‍ നാവിക മേധാവിയെ ഇറക്കിനടത്തിയ നീക്കത്തിനൊടുവിലാണ് കപ്പല്‍ തുറമുഖത്തണഞ്ഞതും ഇന്ത്യ നടുക്കടലിലായതും.

ചൈനയോട് കൂറു പുലര്‍ത്തുന്ന ശ്രീലങ്കന്‍ മുന്‍മന്ത്രിയും നാവികസേനാ മുന്‍ മേധാവിയുമായ റിയര്‍ അഡ്മിറല്‍ ശരത് വീരശേഖരയുടെ പരസ്യമായ പിന്തുണയും ഇടപെടയുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കപ്പലിന്റെ വരവ് നീട്ടിവയ്ക്കണമെന്ന ലങ്കന്‍ ഭരണകൂടത്തിന്റെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്ത വീരശേഖര, അധികാരത്തിനു പുറത്തായ രാജപക്ഷെ കുടുംബത്തിന്റെ പിന്തുണയോടെയാണ് ചൈനീസ് നീക്കം ലക്ഷ്യത്തിലെത്തിച്ചത്. പ്രസിഡന്റ്, പ്രധാനമന്ത്രി, മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെ എന്നിവരെ കണ്ട് വീരശേഖര നടത്തിയ ചരടുവലികളും ചൈനീസ് ഭീഷണികൂടിയായതോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് ലഭിക്കാനുള്ള ലോക ബാങ്ക് വായ്പയെ മറയാക്കിയായിരുന്നു ചൈനയുടെ നീക്കം. ഇതോടെ ലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ ചൈനയ്ക്കു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.

ലങ്കയുടെ നിലവിലെ പ്രതിസന്ധിയില്‍ ഒരു പങ്ക് ചൈനയുടേതുകൂടിയാണ്. സാമ്പത്തിക സഹായം നല്‍കി കുരുക്കിലാക്കുക എന്ന ചൈനീസ് തന്ത്രത്തില്‍ വീണാണ് ഹമ്പന്‍തോഡ ലങ്കയ്ക്ക് നഷ്ടമായത്. ഹമ്പന്‍തോഡ തുറമുഖ നിര്‍മാണത്തിനായി ചൈനീസ് ബാങ്കുകള്‍ വഴി നൂറ് കോടിയിലേറെ ഡോളറാണ് ലങ്കയ്ക്ക് ചൈന ലഭ്യമാക്കിയത്. അതോടൊപ്പം, തുറമുഖത്തിന്റെ അറുപത് ശതമാനത്തിലേറെ ഓഹരികള്‍ ചൈനീസ് കമ്പനികള്‍ക്ക് നല്‍കേണ്ടിയും വന്നു.

തുറമുഖ നിര്‍മാണം വഴിയുള്ള കടം ആദ്യം 900 കോടി ശ്രീലങ്കന്‍ രൂപയായും പിന്നീട് 4670 കോടി ശ്രീലങ്കന്‍ രൂപയായും വര്‍ധിച്ചു. കടം തീര്‍ക്കാന്‍ ഒടുവില്‍ തുറമുഖം തന്നെ 99 വര്‍ഷത്തെ പാട്ടത്തിന് ചൈനീസ് കമ്പനിക്ക് നല്‍കേണ്ടി വരികയായിരുന്നു. ലങ്കയെ തന്ത്രത്തില്‍ കുടുക്കി ഇന്ത്യക്കുമേല്‍ ആധിപത്യം നേടാനുള്ള ചൈനീസ് നീക്കത്തില്‍, ലങ്കയിലെ അഴിമതിക്കാരായ രാജപക്‌സെ കുടുംബവും ഉദ്യോഗസ്ഥരും വീണപ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടമായത് സമാധാനം കൂടിയാണ്. ഹമ്പന്‍തോഡയിലേക്കുള്ള കപ്പലിന്റെ യാത്ര ലങ്കയോട് ആലോചിക്കാതെ ചൈനയാണു പ്രഖ്യാപിച്ചത്. പ്രതിസന്ധിയുടെ നടുക്കടലിലാഴ്ന്ന് ലങ്ക തകര്‍ന്നപ്പോള്‍ കോടിക്കണക്കിന് രൂപയുടെ സഹായമാണ് ഇന്ത്യ നല്‍കിയത്. എന്നാല്‍ അതെല്ലാം മറന്ന് വീണ്ടും ചൈനയുടെ ചതിയില്‍ ലങ്ക വീണപ്പോള്‍ വെല്ലുവിളി ഉയരുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്കാണ്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ (ഐ.ഒ.ആര്‍.) ചൈനീസ് ചാരക്കപ്പലുകളുടെ എണ്ണം അടുത്തിടെയായി ക്രമാനുഗതമായി വര്‍ധിച്ചിട്ടുണ്ട്. 2020 മുതല്‍ ഗവേഷണ കപ്പലുകളുടെ മറവില്‍ 53 ചൈനീസ് കപ്പലുകള്‍ ഈ മേഖലയില്‍ നിരീക്ഷണം നടത്തിയിട്ടുണ്ട്. ഏതു സമയവും മൂന്ന് മുതല്‍ അഞ്ച് വരെ ചൈനീസ് ചാരക്കപ്പലുകള്‍ പ്രദേശത്ത് പര്യവേക്ഷണം നടത്തുന്നുണ്ട്. യുവാന്‍ വാങ് 5 പോലുള്ള കപ്പലുകള്‍ ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് മേഖലയിലെ ഉപഗ്രഹ പ്രവര്‍ത്തനങ്ങളും മിസൈല്‍ പരീക്ഷണ വെടിവെപ്പും നിരീക്ഷിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ത്തന്നെയാണ് യുവാന്റെ ഹമ്പന്‍തോഡ പ്രവേശനത്തെ ഇന്ത്യ എതിര്‍ക്കുന്നതും. ഇന്ത്യയുടെ നിര്‍ണായക മിസൈല്‍ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷണ വലയത്തിലാക്കാന്‍ ഹമ്പന്‍തോട്ടയില്‍ നങ്കൂരമിടുന്നതോടെ ചൈനീസ് ചാരക്കപ്പലിന് കഴിയുമെന്നത് ഇന്ത്യക്ക് വന്‍ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

Back to top button
error: