ഓളപ്പരപ്പിലെ ഒളിമ്പിക്‌സിന് ഭാഗ്യചിഹ്നം വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്ത!

ആലപ്പുഴ: 68-ാം നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയെ തിരഞ്ഞെടുത്തു. ആലപ്പുഴ വി.പി. റോഡ് സക്കറിയ വാര്‍ഡ് തോട്ടുങ്കല്‍ പുരയിടം ബാബു ഹസന്‍ ആണ് ജലച്ചായത്തില്‍ ചിത്രം വരച്ചത്.

നെഹ്റുട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതല ത്തില്‍ നടത്തിയ മത്സരത്തില്‍ 160 എന്‍ട്രികള്‍ ലഭിച്ചു. ഇവയില്‍നിന്ന് ചിത്രകലാ അധ്യാപകരായ സതീഷ് വാഴുവേലില്‍, എം.കെ. മോഹന്‍കുമാര്‍, സിറിള്‍ ഡോമിനിക് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി പി. പ്രസാദ്, ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജയ്ക്ക് നല്‍കി ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.

2018ലും ബാബു ഹസന്റെ രചന ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് സമ്മാനത്തുകയായി 5001 രൂപ ലഭിക്കും. പ്രകാശനച്ചടങ്ങില്‍ എം.എല്‍.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, തോമസ് കെ. തോമസ്, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, സബ് കളക്ടര്‍ സൂരജ് ഷാജി, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, കമ്മിറ്റി അംഗങ്ങളായ നഗരസഭ കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, നസീര്‍ പുന്നയ്ക്കല്‍, കെ. നാസര്‍, റോയ് പാലത്ര, എ. കബീര്‍, ഗുരു ദയാല്‍, അബ്ദുല്‍ സലാം ലബ്ബ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version