വൈക്കത്തുനിന്ന് കാണാതായ ലോട്ടറിത്തൊഴിലാളിയുടെ മൃതദേഹം ഉത്തരാഖണ്ഡില്‍

വൈക്കം: വൈക്കത്തുനിന്ന് കാണാതായ ലോട്ടറിത്തൊഴിലാളിയെ ഉത്തരാഖണ്ഡില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എഴുമായില്‍ ശ്രീകുമാരന്‍ തമ്പി (52)യെയാണ് ഗംഗാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കച്ചേരിക്കവലക്ക് സമീപം ലൈഫ് ലൈന്‍ ഏജന്‍സീസ് എന്ന പേരില്‍ ലോട്ടറി വില്പന നടത്തിവരികയായിരുന്ന ശ്രീകുമാരന്‍ തമ്പിയെ കഴിഞ്ഞ ആറുമുതല്‍ കാണാനില്ലെന്ന് സുഹൃത്തുക്കള്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാള്‍ മരിച്ചതായി അറിയിപ്പെത്തുന്നത്.

ഇന്നലെ വൈകിട്ട് 3.30-ന് ഉത്തരാഖണ്ഡിലെ കൊത്തുവാലി പോലീസ് ആണ് നാട്ടിലെ സുഹൃത്തിന്റെ നമ്പരില്‍ വിളിച്ച് വിവരമറിയിച്ചത്. ശ്രീകുമാരന്‍ തമ്പി ധരിച്ചിരുന്ന ഷര്‍ട്ടിന്റെ കൈമടക്കിനുള്ളില്‍നിന്നാണ് പോലീസിന് സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചത്.

ലോട്ടറി സെല്ലേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) മണ്ഡലം ജോ. സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ ടെല്‍മയും ലോട്ടറി തൊഴിലാളിയാണ്. മക്കള്‍: ശബരി എസ്. തമ്പി, ശരണ്യ എസ്. തമ്പി. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version