നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു; അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദൃശ്യങ്ങൾ ഉള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ അനുമതി നിഷേധിച്ചുവെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവിതയുടെ ആരോപണം. എന്നാൽ, വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ എന്തടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു കോടതി ചോദിച്ചത്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചിരുന്നു. കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ൽ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയതിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിചാരണ തുടരുന്ന സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. ഇതിനിടെ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിചാരണ കോടതി അതിരൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. ഉദ്യോഗസ്ഥന് പ്രത്യേക താൽപര്യങ്ങളാണെന്നും കോടതിയെ കബിളിപ്പിക്കാൻ ശ്രമിക്കരുതെന്നും വിമർശനം ഉയർന്നു.

കോടതി നടപടി ക്രമങ്ങളിൽ പങ്കെടുക്കാതെ ഉദ്യോഗസ്ഥൻ പുറത്ത് കറങ്ങി നടക്കുകയാണെന്നും ജഡ്ജി വിമർശിച്ചു. കോടതിയിലെ രഹസ്യ രേഖകൾ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചോർത്തുകയാണ് ഉദ്യോഗസ്ഥനെന്നാണ് മറ്റൊരു വിമർശനം. നടപടികൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് മുന്നയിയിപ്പ് നൽകുന്നുവെന്നും കോടതി പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version