പെണ്‍കുട്ടിയെ ശല്യം ചെയ്തു, ഉത്സവപ്പറമ്പില്‍ കൂട്ടത്തല്ല്; മൂന്നുപേര്‍ കസ്റ്റഡിയില്‍, ആറ് പേര്‍ക്കെതിരേ പോക്‌സോ കേസും

ചെന്നൈ: ഉത്സവം കാണാനായി ക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടിയെ ചെറുപ്പക്കാര്‍ ശല്യം ചെയ്തതിന് പിന്നാലെ കൂട്ടയടി. അമ്മയോടൊപ്പം സീര്‍കാഴി മത്താനം എന്ന ഗ്രാമത്തിലെ അരുള്‍മികു മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ 17 വയസുള്ള കുട്ടിയെയാണ് ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ചെറുപ്പക്കാര്‍ ശല്യം ചെയ്തത്. പെണ്‍കുട്ടിയെ കളിയാക്കുകയും വസ്ത്രത്തില്‍ വെള്ളം തളിക്കുകയും ചെയ്‌തെന്നാണ് ആരോപണം.

കുട്ടിയുടെ അമ്മ ഗ്രാമവാസികളോട് പരാതി പറഞ്ഞതിനെത്തുടര്‍ന്ന് രൂപപ്പെട്ട സംഘര്‍ഷത്തില്‍ ജനക്കൂട്ടം പക്ഷം ചേര്‍ന്നതോടെ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. ഉത്സവപ്പറമ്പിലെ രണ്ട് കടകള്‍ അടിച്ചുതകര്‍ത്തു. കട തകര്‍ന്നയാളുടെ സംഘം പിന്നാലെയെത്തി എതിര്‍വിഭാഗത്തെ തടഞ്ഞുവച്ച് മര്‍ദ്ദിച്ചു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

മൂന്നുപേരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അക്രമത്തിന് നേതൃത്വം നല്‍കിയതായി കരുതുന്ന വെങ്കിടേശ്വരന്‍, സൂര്യമൂര്‍ത്തി, മുരുകന്‍ എന്നിവരെ പുതുപ്പട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ശല്യം ചെയ്തതായി പരാതി ഉയര്‍ന്ന ആറ് പേര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഒളിവില്‍ പോയവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version