KeralaNEWS

സമഗ്ര ശിക്ഷാ കേരളയുടെ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കും’ മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം കൂടുതൽ ജനകീയമാക്കുന്നതിന് എല്ലാ തലത്തിലേയും ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെയും ഏകോപനത്തിലൂടെയും പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാലയങ്ങൾ സ്ഥിതിചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പുവരുത്തിയാകണം പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതെന്നും മന്ത്രി നിർദ്ദേശിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രധാന കേന്ദ്ര പദ്ധതിയായ സമഗ്ര ശിക്ഷ കേരളയുടെ സംസ്ഥാന -ജില്ലാ -ബിആർസി തലങ്ങളിലെ പദ്ധതി പ്രവർത്തനങ്ങൾ ,ആസൂത്രണം , നിർവഹണം , ഉദ്യോഗസ്ഥ ശാക്തീകരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് മന്ത്രി യോഗം വിളിച്ചു ചേർത്തത്. സമഗ്ര ശിക്ഷ കേരളം പുതിയ അക്കാദമിക വർഷത്തിൽ നടപ്പിലാക്കിയ പദ്ധതി പ്രവർത്തനങ്ങളുടെ സമ്പൂർണ്ണ വിലയിരുത്തലും യോഗത്തിൽ ഉണ്ടായി. സംസ്ഥാന ജില്ലാതല പ്രോഗ്രാം ഓഫീസർമാർ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അതുവഴി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സംയോജിത പദ്ധതി പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ഏജൻസികൾ സംയുക്തമായി തയ്യാറാക്കി നടപ്പിലാക്കണമെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ.എ.എസ് ,സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ. ആർ, എസ്.സി. ഇ. ആർ. ടി.ഡയറക്ടർ. ഡോ. ജയപ്രകാശ് , കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ അൻവർ സാദത്ത് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ സന്നിഹിതരായി

Back to top button
error: