ഏഷ്യാ കപ്പ്: ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റുകളുടെ ആദ്യ ഘട്ടം രണ്ടര മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു; അടുത്തഘട്ടം ടിക്കറ്റ് വില്‍പന ഉടന്‍

ദുബായ്: ഈ മാസം 27ന് യുഎഇയില്‍ തുടക്കമാകുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റുകളുടെ ആദ്യ ഘട്ടം രണ്ടര മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു. നേരത്തെ ഒട്ടേറേപ്പേര്‍ ഒരുമിച്ച് ടിക്കറ്റിനായി സൈറ്റില്‍ കയറിയതിനെത്തുടര്‍ന്ന് സൈറ്റ് പണിമുടക്കുകയും പലര്‍ക്കും ടിക്കറ്റ് കിട്ടാതെ നിരാശാവേണ്ടിയും വന്നിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ടിക്കറ്റ് കിട്ടാതിരുന്ന ആരാധകര്‍ നിരാശരാവേണ്ടെന്നും അടുത്തഘട്ടം ടിക്കറ്റ് വില്‍പന ഉടന്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്. മറ്റ് മത്സരങ്ങളുടെ 2500 ദിര്‍ഹം വിലയുള്ള കുറച്ചു ടിക്കറ്റുകള്‍ മാത്രമാണ് ഇനി വിറ്റുപോവാനുള്ളത്. 27ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ 28നാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം. ടിക്കറ്റുകള്‍ക്കായി ആരാധകര്‍ ഒരേസമയം കൂട്ടത്തോടെ ഇടിച്ചു കയറിയതോടെ ഓണ്‍ ലൈന്‍ ടിക്കറ്റ് വില്‍പ്പനക്കുള്ള വെബ്‌സൈറ്റായ ുഹമശേിൗാഹശേെ.ില േക്രാഷായിരുന്നു.

ടിക്കറ്റ് വില്‍പന 15ന് തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി) വ്യക്തമാക്കിയിരുന്നെങ്കിലും എത്രമണിക്കാണ് വില്‍പന ആരംഭിക്കുകയെന്ന് വ്യക്തമാക്കാതിരുന്നതും ആശയക്കുഴപ്പം ഉണ്ടാക്കി. ഇതാണ് രാത്രി 12 മണിക്ക് തന്നെ ആരാധകര്‍ കൂട്ടത്തോടെ സൈറ്റില്‍ ഇടിച്ചു കയറാന്‍ കാരണമായത്. ഏതാണ്ട് ഏഴ് ലക്ഷത്തോളം പേരാണ് ഒരേസമയം, ടിക്കറ്റിനായി സൈറ്റിലെത്തിയത്. തിരക്ക് കുറക്കാനായി ക്യൂ സമ്പ്രദായവും വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയിരുന്നു. സൈറ്റ് ക്രാഷായതോടെ ആറ് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ഓണ്‍ലൈന്‍ ക്യൂവില്‍ കാത്തു നിന്നവര്‍ക്കുപോലും ടിക്കറ്റുകള്‍ ലഭിച്ചിരുന്നില്ല. പലര്‍ക്കും ടിക്കറ്റിന്റെ പൈസ നഷ്ടമായെങ്കിലും ടിക്കറ്റ് ഇ മെയിലായി ലഭിക്കാതിരുന്നതും പ്രശ്‌നമായിരുന്നു.

അതേസമയം, ടിക്കറ്റുകള്‍ കൂട്ടത്തോടെ എടുത്ത് വന്‍തുകക്ക് മറിച്ചു വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീലങ്ക വേദിയാവേണ്ടിയിരുന്ന ടൂര്‍ണമെന്റ് ലങ്കയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് യുഎഇയിലേക്ക് മാറ്റിയത്. ഇതിനെത്തുടര്‍ന്ന് മത്സരങ്ങളുടെ ഔദ്യോഗിക ടിക്കറ്റ് വില്‍പന വൈകിയതിനെതിരെയും നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തിന് പുറമെ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ഉണ്ടാകും. ഇതിന് ശേഷം ഇരു ടീമും ഫൈനലിലെത്തിയാല്‍ മൂന്ന് തവണ പരമ്പരാഗത വൈരികളുടെ പോരാട്ടം കാണാന്‍ യുഎഇയിലെ ആരാധകര്‍ക്ക് അവസരം ലഭിക്കും. 28ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദിയാവുക. 25000 പേരെ ഉള്‍ക്കൊള്ളാവുന്നതാണ് സ്റ്റേഡിയം. 28-ഞായറാഴ്ച അവധി ദിനമായതിനാല്‍ ഇന്ത്യ-പാക് പോരാട്ടത്തിനുള്ള ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version