KeralaNEWS

തോരണം കെട്ടി അലങ്കരിച്ചത് ദേശീയ പതാകയോടുള്ള അനാദരവെന്ന് കോൺഗ്രസ്, വിലകുറഞ്ഞ രാഷ്ട്രീയ നാടകമെന്ന്‌ പഞ്ചായത്ത് ഭാരവാഹികൾ

കോട്ടയത്തെ രാമപുരം പഞ്ചായത്തിൽ ദേശിയ പാതകയുടെ പേരിൽ തമ്മിലടി. ത്രിവർണ്ണ നിറത്തിലുള്ള തോരണം കെട്ടി അലങ്കരിച്ചതിനുള്ളിലാണ് ദേശീയ പതാക ഉയർത്തിയത്. ഇത് ദേശീയ പതാകയോടുള്ള അനാദരവാണെന്ന് കോൺഗ്രസ് ആരോപിച്ചു.

രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമപുരം ടൗണിലാണ് ദേശീയ പതാക ഉയർത്തിയത്. പഞ്ചായത്ത് ചെയർപേഴ്‌സൺ ഷൈനി സന്തോഷ് പതാക  ഉയർത്തിയെങ്കിലും പതാകയ്ക്ക് പ്രാധാന്യം കൊടുത്തില്ല എന്നാണ് പരാതി. മറ്റുള്ള അലങ്കാരങ്ങൾക്കു മേലെയാണ് പതാക ഉയർത്തേണ്ടത് എന്നിരിക്കെ  രാമപുരത്ത് പതാക അലങ്കാരങ്ങൾക്ക് കീഴെയാണ് പൊക്കിയിരിക്കുന്നത്. ഇതിലൂടെ സമൂഹത്തിനു തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും വിമർശകർ ചൂണ്ടി കാണിക്കുന്നു

അതേ സമയം ദേശീയ പതാകയെ അപമാനിച്ചു എന്ന ഈ ആരോപണം വിലകുറഞ്ഞ  രാഷ്ട്രീയ നാടകമെന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി സന്തോഷും വൈസ് പ്രസിഡന്റ്‌ സണ്ണി അഗസ്റ്റിനും അറിയിച്ചു. രാമപുരം ടൗണിൽ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ വർണാഭമായ സ്വാതന്ത്ര ദിനാഘോഷചടങ്ങുകൾ സംഘടിപ്പിച്ചതിൽ വിറളി പൂണ്ട ചില തല്പര കക്ഷികളാണ് അടിസ്ഥാന രഹിതമായ ആരോപണത്തിന് പിന്നിലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.

രാമപുരം ടൗണിൽ സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന പഞ്ചായത്തിന്റെ കൊടിമരത്തിൽ ത്രിവർണ്ണ നിറത്തിലുള്ള തോരണം കെട്ടി അലങ്കരിക്കുക മാത്രമാണ് ചെയ്തത്. തെറ്റിധാരണ സൃഷ്ടിക്കുന്നതിന് വേണ്ടി കൊടിമരത്തിന്റെ പിന്നിൽനിന്നുള്ള ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. രാമപുരം ഗ്രാമപഞ്ചായത്തിൽ നാളിതുവരെ കാണാത്തത്ര വൻ പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായചടങ്ങുകളാണ് ഭാരതത്തിന്റെ എഴുപത്തിഅഞ്ചാം സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടത്.

അതേസമയം ആക്ഷേപം ഉന്നയിക്കുന്ന തൽപ്പരകക്ഷികൾ തന്നെയാണ് രാമപുരം ജംഗ്ഷനിലെ യൂത്ത്കോൺഗ്രസ്‌ (ഐ) എന്ന് എഴുതിയ കൊടിമരത്തിൽ അതിന് താഴെയായി ദേശീയ പതാക ഉയർത്തിയിരിക്കുന്നത്. ഇത്തരത്തിൽ കൊടി ഉയർത്തുവാൻ പാടില്ല എന്ന ഉത്തരവ് നിലനിൽക്കേ  രാഷ്ട്രീയ പാർട്ടിയുടെ കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയത് വ്യക്തമായ അനാദരവും ദേശീയ പതാകയോടുള്ള അവഹേളനവും  ആണെന്നും പഞ്ചായത്ത്‌ ഭരണസമിതി ആരോപിച്ചു.

Back to top button
error: