NEWS

മഴക്കാലത്ത് വീട്ടിലെ ഒച്ചുശല്യം തടയാൻ എളുപ്പവഴികൾ

ഴക്കാലം എത്തിയാൽ ഒട്ടുമിക്ക വീടുകളിലും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഒച്ചുകളുടെ ശല്യം. വീടുകൾക്കുള്ളിൽ കയറുക മാത്രമല്ല മുറ്റത്തെയും പറമ്പിലെയും ചെടികളും മറ്റും നശിപ്പിക്കാനും ഒച്ചുകൾ വിരുതന്മാരാണ്. ഒച്ചുശല്യം ഉണ്ടായാൽ ചെടികൾ അപ്പാടെ നാശമാവുകയാണ് പതിവ്. ഒച്ചുകളിൽ നിന്നും എളുപ്പത്തിൽ രക്ഷനേടാനുള്ള ചില മാർഗങ്ങൾ നോക്കാം.
മുട്ടത്തോട്
ചെടികൾക്ക് ചുവട്ടിൽ വളമായി മുട്ടത്തോട് ഉപയോഗിക്കുന്നത് ഒച്ചുകളെ അകറ്റി നിർത്താനുള്ള മാർഗം കൂടിയാണ്. നിരപ്പായ പ്രതലത്തിൽ കൂടി മാത്രമേ ഒച്ചുകൾക്ക് ഇഴഞ്ഞുനീങ്ങാൻ സാധിക്കു. ചെടികൾക്ക് ചുവട്ടിൽ ഏറെ മുട്ടത്തോട് വിതറിയാൽ  ഒച്ചുകൾ അവയ്ക്ക് സമീപത്തേക്ക് എത്താതെ പ്രതിരോധം തീർക്കാനാവും.
ഉപ്പ്
ഒച്ചുകളെ തുരത്താനുള്ള ഏറ്റവും ഫലപ്രദവും എളുപ്പവുമായ മാർഗമാണ് ഉപ്പിന്റെ ഉപയോഗം. ഒച്ചുകളെ കണ്ണിൽപെട്ടാൽ ഉടൻതന്നെ അവയുടെ മേലേയ്ക്ക് അല്പം ഉപ്പു വിതറുക. മുറ്റത്തും പറമ്പിലുമാണ് ഒച്ചു ശല്യമെങ്കിൽ മണ്ണിൽ ഉപ്പ് വിതറിയാൽ മതിയാകും.
പുതിനയില
ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കാൻ മാത്രമല്ല, ഒച്ചുകളെ തുരത്താനും പുതിന ഇലകൾ ഫലപ്രദമാണ്. പുതിന ഇലയുടെ രൂക്ഷഗന്ധത്തെ ചെറുത്തുനിൽക്കാൻ ഒച്ചുകൾക്ക് സാധിക്കില്ല. ഒച്ചു ശല്യമുള്ള പ്രദേശങ്ങളിൽ പുതിനയില വെറുതെ വിതറിയാൽ അവയുടെ ശല്യത്തിൽ നിന്നും രക്ഷപ്പെടാനാകും.
മണ്ണ് ഇളക്കിയിടുക
ഒച്ചുകളുടെ സുഗമമായ സഞ്ചാരത്തെ പ്രതിരോധിക്കാനുള്ള മറ്റൊരു മാർഗമാണ് ഇത്. ഇളകിയ മണ്ണിന് പുറമേ കൂടി സഞ്ചരിക്കുന്നത് ഒച്ചുകൾക്ക് ആയാസകരമായതിനാൽ അവയെ ഒരു പരിധിവരെ തടഞ്ഞുനിർത്താൻ ഈ മാർഗ്ഗം സഹായിക്കും.
ചെടി നനയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഈർപ്പമുള്ള മണ്ണിലാണ് ഒച്ചുകൾ മുട്ടയിട്ട് പെരുകുന്നത്. രാത്രികാലങ്ങളിലാണ് ഇവ മുട്ടയിടാറ്. അതിനാൽ ചെടികൾക്ക് കഴിവതും രാവിലെ തന്നെ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കുക. വൈകുന്നേരമാവുമ്പോഴേക്കും മണ്ണിലെ ജലാംശം ഏതാണ്ട് പൂർണ്ണമായി നീങ്ങുന്നതിനാൽ ഒച്ചുകൾ പരിസരങ്ങളിൽ മുട്ടയിട്ട് പെരുകാതെ തടയാൻ ഇത് സഹായിക്കും.

Back to top button
error: