NEWSWorld

ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ തീപിടിത്തം: 41 മരണം

കെയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളിയില്‍ ഞായറാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. കെയ്‌റോയുടെ വടക്കുപടിഞ്ഞാറന്‍ ജില്ലയായ ഇംബാബയിലെ അബു സിഫിന്‍ പള്ളിയിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ചപ്രാര്‍ഥനയ്ക്കായി 5000 ലധികം വിശ്വാസികള്‍ തടിച്ചുകൂടിയ സമയത്തായിരുന്നു അത്യാഹിതമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമായതായി അഗ്‌നിശമനസേന അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സമൂഹമാണ് കോപ്റ്റുകള്‍. ഈജിപ്തി-ലെ 10 കോടി ജനസംഖ്യയില്‍ ഒരു കോടിയോളം പേര്‍ കോപ്റ്റുകളാണ്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ അതിപുരാതനമായ കോപ്റ്റിക് സമൂഹം വലിയ പീഡനങ്ങള്‍ നേരിടുന്നുണ്ട്. ഇസ്ലാമിസ്റ്റ് പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയുടെ ഭരണകാലത്ത് കോപ്റ്റിക് വിഭാഗത്തിനെതിരായ ആക്രമണങ്ങള്‍ രൂക്ഷമായിരുന്നു. ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ പട്ടാളം മുര്‍സിയെ അട്ടിമറിച്ചത് കോപ്റ്റുകളുടെ നില കൂടുതല്‍ പരുങ്ങലിലാക്കി. തങ്ങള്‍ക്ക് പങ്കാളിത്തമുണ്ടായിരുന്ന ഭരണം അട്ടിമറിച്ചത് കോപ്റ്റുകളുടെ ഗൂഢാലോചനയോടെയാണെന്ന് ആരോപിച്ച് മുസ്ലിം ബ്രദര്‍ഹുഡടക്കമുള്ള ഭീകരസംഘടനകള്‍ നിരവധി ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ആരംഭിച്ചു.

സമീപ വര്‍ഷങ്ങളില്‍ ഈജിപ്തില്‍ നിരവധി മാരകമായ തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2021 മാര്‍ച്ചില്‍ കെയ്-റോയു-ടെ കിഴക്കന്‍ പ്രാന്തപ്രദേശത്തുള്ള ഒരു ടെക്‌സ്‌െറ്റെല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 20 പേര്‍ മരിച്ചു. 2020-ല്‍ രണ്ട് ആശുപത്രികളിലായുണ്ടായ തീപിടിത്തങ്ങളില്‍ 14 കോവിഡ് രോഗികള്‍ വെന്തുമരിച്ചിരുന്നു.

Back to top button
error: