NEWS

ആൻഡമാൻ ജയിലിൽ കിടക്കുമ്പോൾ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിനൽകി പുറത്ത് കടന്ന സവർക്കരുടെ കഥയല്ല സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ കമ്മ്യൂണിസ്റ്റുകാർക്കുള്ളത്:രാജു ഏബ്രഹാം എക്സ് എംഎൽഎ

റാന്നി: ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം എന്ന പ്രമേയം 1921 ലെ അഹമ്മദാബാദ് കോൺഗ്രസ് നേതൃത്വ യോഗത്തിൽ പ്രമേയത്തിലൂടെ അവതരിപ്പിച്ചത് മൊഹാനി എന്ന കമ്മ്യൂണിസ്റ്റുകാരനായിരുന്നെന്നും ഇതിനുശേഷം 10 വർഷം കഴിഞ്ഞാണ് സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന ആശയത്തെ കോൺഗ്രസുകാർ പോലും അംഗീകരിച്ചതെന്നും മുൻ റാന്നി എംഎൽഎ രാജു ഏബ്രഹാം.
 സമര പോരാട്ടങ്ങളിൽ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പങ്കിനൊപ്പം പുന്നപ്ര വയലാർ സമര പോരാട്ടങ്ങളിൽ രക്തസാക്ഷികളായ പതിനായിരക്കണക്കിന് കമ്മ്യൂണിസ്റ്റുകാരുടെ ചുടു ചോരയുടെ ഗന്ധവും ഭാരതത്തിന്റെ മണ്ണിലുണ്ട് എന്ന് നാം തിരിച്ചറിയണം എന്നും അദ്ദേഹം പറഞ്ഞു.റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ നടന്ന ‘സാമൂഹിക് ജാഗരൺ സംഗമം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
   വളർന്നുവന്ന തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആയിരക്കണക്കിന് തൊഴിലാളികളാണ് ഗൂഢാലോചന കേസുകളിൽ പ്രതികളായി ജയിലിൽ അടയ്ക്കപ്പെട്ടത്.ബോംബെ നാവിക കലാപത്തിലും തൊഴിലാളികളാണ് നേതൃത്വം നൽകിയത്. തൂക്കിലേറുന്നതിന് തൊട്ടുമുൻപേ അവസാനത്തെ ആഗ്രഹമായി ലെനിന്റെ ആത്മകഥ വായിച്ചു കേട്ടുകൊണ്ട് മരിക്കണം എന്നാണ് ധീരനായ ഭഗത് സിംഗ് ആവശ്യപ്പെട്ടത്.സ്വാതന്ത്ര്യം നേടിയെടുക്കുവാൻ തൊഴിലാളിവർഗ്ഗം നടത്തിയ സമരങ്ങളെ സുഭാഷ് ചന്ദ്രബോസ് പോലും പരസ്യമായി അഭിനന്ദിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വലം കൈയ്യായിരുന്ന ക്യാപ്റ്റൻ ലക്ഷ്മി അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായി മാറി.
      രാജ്യത്തെ ചെറുപ്പക്കാരുടെ ഊർജ്ജം ബ്രിട്ടീഷുകാർക്ക് എതിരേ പോരാട്ടം നടത്തുവാനുള്ളതല്ല എന്ന് പറയുകയും ആൻഡമാൻ ജയിലിൽ കിടക്കുമ്പോൾ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിനൽകി പുറത്ത് കടക്കുകയും ചെയ്ത സവർക്കറുടെ കഥയല്ല സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ കമ്മ്യൂണിസ്റ്റുകാർക്ക് ഉള്ളത്.സ്വാതന്ത്ര സമരത്തെ ഒറ്റുകൊടുത്തവർ രാജ്യസ്നേഹം പ്രകടിപ്പിക്കുന്ന കാഴ്ചയും ഇതോടൊപ്പം വായിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Back to top button
error: