‘വിഷമിക്കേണ്ട അടുത്തത് നിങ്ങളാണ്’; സല്‍മാന്‍ റുഷ്ദിക്ക് പിന്തുണ പ്രഖ്യാപിച്ച ജെ.കെ റൗളിങ്ങിന് വധഭീഷണി

ന്യൂയോര്‍ക്ക്: ലോകപ്രശസ്ത നോവല്‍ സീരീസായ ഹാരിപോട്ടറിന്റെ രചയിതാവ് ജെ.കെ റൗളിങ്ങിന് വധഭീഷണി.
എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് പോസ്റ്റിട്ടതിന് പിന്നാലെയാണ് വിഖ്യാത എഴുത്തുകാരിയായ ജെ.കെ റൗളിങ്ങിന് നേരേയും വധഭീഷണിയുയര്‍ന്നത്.

റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് കേട്ടപ്പോള്‍ അസ്വസ്ഥത തോന്നിയെന്ന് ജെ.കെ റൗളിങ് ട്വീറ്റ് ചെയ്തിരുന്നു. റുഷ്ദി വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റൗളിങ് കുറിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഭീഷണി സന്ദേശം ലഭിച്ചത്.

‘വിഷമിക്കേണ്ട അടുത്തത് നിങ്ങളാണ്’ എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ന്യൂയോര്‍ക്കില്‍ സാഹിത്യ പരിപാടിക്കിടെ റുഷ്ദിയെ ആക്രമിച്ച ഹാദി മാതറിനെ ഭീഷണി സന്ദേശം അയച്ചയാള്‍ പ്രശംസിക്കുകയും ചെയ്തു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് റൗളിങ് ട്വിറ്ററില്‍ പങ്കുവച്ചു. തുടര്‍ന്ന് റൗളിങ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ന്യൂയോര്‍ക്കിലെ ഷടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രഭാഷണത്തിനെത്തിയപ്പോഴായിരുന്നു പ്രശസ്ത എഴുത്തുകാരന്‍ റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റുഷ്ദി വെന്റിലേറ്ററിലാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version