വിവാഹമോചന കൗണ്‍സിലിങ്ങിന് എത്തിയത് വെട്ടുകത്തിയുമായി; ഒന്നിക്കാന്‍ തീരുമാനിച്ച് മിനിറ്റുകള്‍ക്കകം ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകയില്‍ കുടുംബകോടതിയില്‍വച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വിവാഹമോചനത്തിന് അപേക്ഷിച്ച ശേഷം കൗണ്‍സിലിംഗ് സെഷനില്‍ പങ്കെടുക്കാന്‍ ഹോളേനരശിപുര്‍ കുടുംബകോടതിയില്‍ എത്തിയ ചിത്ര (28)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ശിവകുമാ (32)റിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവര്‍ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റ ചിത്രയെ ഉടന്‍ ആശുപത്രിയിലെത്തിച്ച ചിത്ര ചികിത്സയ്ക്കിടെയാണ് മരിച്ചത്.

കുടുംബ കോടതിയില്‍ നടന്ന ഒരു മണിക്കൂര്‍ കൗണ്‍സിലിങ്ങില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് ഏഴ് വര്‍ഷത്തെ ദാമ്പത്യം തുടരാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. ഇതിനുശേഷം പുറത്തിറങ്ങിയ ചിത്ര ശൗചാലയത്തിലേക്ക് പോയിരുന്നു. ഈ സമയം പിന്തുടര്‍ന്നെത്തിയ ശിവകുമാര്‍ ചിത്രയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി ആര്‍. ശ്രീനിവാസ ഗൗഡ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശിവകുമാറിനെതിരെ കൊലപാതകത്തിന് കേസെടുത്തു. കോടതി സമുച്ചയത്തിനുള്ളില്‍ ഇയാള്‍ എങ്ങനെ ആയുധം കടത്തിയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ‘സംഭവം നടന്നത് കോടതി പരിസരത്താണ്. അയാള്‍ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്. കുറ്റകൃത്യം ചെയ്യാന്‍ ശിവകുമാര്‍ ഉപയോഗിച്ച ആയുധം പിടിച്ചെടുത്തു. കൗണ്‍സിലിങ്ങിന് ശേഷം എന്താണ് സംഭവിച്ചതെന്നും കോടതിക്കുള്ളില്‍ ആയുധം എങ്ങനെ എത്തിച്ചുവെന്നും അന്വേഷിക്കും. ഇതൊരു ആസൂത്രിത കൊലപാതകമായിരുന്നോ എന്ന കാര്യത്തിലും വ്യക്തത വരാനുണ്ടെന്നും ഗാര്‍ഹിക പീഡനത്തിന് ശിവകുമാറിന്റെ പേരില്‍ നേരത്തെ ഒരു കേസ് ഉണ്ടായിരുന്നതായും ഹാസനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version