KeralaNEWS

പ്രായം 30 കടന്നവരിലെ ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളും തിരിച്ചറിയാന്‍ ‘ശൈലീ ആപ്’, സംസ്ഥാന സര്‍ക്കാരിൻ്റെ ഈ നവീന പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയൂ

ഇപ്പോഴിതാ 30 കടന്നവരിലെ ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളും തിരിച്ചറിയാന്‍ സഹായിക്കുന്നൊരു ആപ് പരിചയപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന് കീഴില്‍ വരുന്ന 30 വയസ് കഴിഞ്ഞവരിലെ ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളും ‘ശൈലീ ആപ്’ വഴി കണ്ടെത്താം.

ഒന്നര മാസം മാസം മുമ്പാണ് ആപിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതിനോടകം 8.36 ലക്ഷം പേരുടെ വിശദാംശങ്ങള്‍ ആപില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. അതായത്, ഇത്രയും പേരില്‍ ജീവിതശൈലീരോഗങ്ങളുടെ സ്‌ക്രീനിംഗ് (രോഗനിര്‍ണയം) നടത്തിക്കഴിഞ്ഞു. ആശാപ്രവര്‍ത്തകര്‍ വീടുകളിലെത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, വിവിധ അര്‍ബുദങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ എന്നിങ്ങനെയുള്ള രോഗങ്ങളുടെ നിര്‍ണയമാണ് നടത്തുന്നത്.

ഓരോ വ്യക്തിയുടെയും വിവിധ പരിശോധനകളുടെ ഫലം അടിസ്ഥാനപ്പെടുത്തി അവര്‍ക്ക് സ്‌കോര്‍ നിശ്ചയിക്കും. നാലിന് മുകളില്‍ സ്‌കോര്‍ ലഭിക്കുന്ന വ്യക്തികള്‍ക്ക് വീണ്ടും പരിശോധനകളുണ്ടായിരിക്കും. ഇങ്ങനെയാണ് ആപിന്റെ പ്രവര്‍ത്തനരീതി. ഇതിലൂടെ കേരളത്തിലെ 30 കടന്നവരില്‍ കാണുന്ന ജീവിതശൈലീരോഗങ്ങളുടെ വിശദാംശങ്ങളാണ് സര്‍ക്കാര്‍ ശേഖരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സൗകര്യം ഏര്‍പ്പെടുത്തുന്നത്.

ഇതിലൂടെ ലഭ്യമാകുന്ന കണക്കുകള്‍ വച്ച് ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമെല്ലാമുള്ള പദ്ധതികളൊരുക്കാന്‍ സാധിക്കും. പകര്‍ച്ചവ്യാധിയല്ലാത്ത രോഗങ്ങളുടെ കാര്യത്തില്‍ വലിയ രീതിയില്‍ മെച്ചപ്പെടാന്‍ ഇതിലൂടെ കേരളത്തിന് സാധ്യമാകും.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ പരിശോധനകളില്‍ പങ്കെടുത്ത 8.36 ലക്ഷം പേരില്‍ ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ രോഗസാധ്യതയുള്ളവര്‍ 1,74, 347 പേരാണ്. ബി.പി കൂടുതലായി കണ്ടെത്തിയത് 94,783 പേരില്‍. പ്രമഹം 73,992 പേര്‍, ബി.പിയും പ്രമേഹവും ഒന്നിച്ചുള്ളവര്‍ 33,982 പേര്‍, ക്ഷയരോഗമുള്ളവര്‍ 10,132 പേര്‍ എന്നിങ്ങനെയാണ് കണക്ക്. ആകെ 65,255 പേര്‍ക്ക് ക്യാന്‍സര്‍ രോഗനിര്‍ണയത്തിന് അയച്ചിട്ടുമുണ്ട്.

Back to top button
error: