LocalNEWS

കുറ്റബോധത്തോടെ കള്ളൻ എഴുതി: ‘പ്രിയ ചേട്ടത്തി, അന്ന് 700 രൂപ പറ്റിച്ചു മുങ്ങി, ഇന്ന് ഈ 2000 സ്വീകരിക്കണം’ കത്തും പണവും കൈപ്പറ്റിയ വീട്ടമ്മ ഞെട്ടി

    വയനാട്: വർഷങ്ങള്‍ക്ക് മുന്‍പ് വയനാട് പെരിക്കല്ലൂരില്‍ വ്യാപാരിയായിരുന്ന ജോസഫിന്‍റെ കബളിപ്പിച്ച്‌ 700 രൂപ വിലയുള്ള സാധനം മോഷ്ടിച്ചു.പിന്നീട് മനസ്സിനെ അലട്ടിയ കുറ്റബോധത്തിന് പരിഹാരമായി വര്‍ഷങ്ങള്‍ക്ക് ശേഷം ജോസഫിന്‍റെ ഭാര്യ മേരിക്ക് കള്ളന്‍റെ ക്ഷമാപണവും 2000 രൂപയുമെത്തി. കഴിഞ്ഞ ദിവസമാണ് പെരിക്കല്ലൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്ക് ഒരു പാഴ്സല്‍ വന്നത്. അയച്ചയാളുടെ പേരോ മേല്‍വിലാസമോ ഇല്ല. കവറിനുള്ളില്‍ 2000 രൂപയും ഒരു കത്തും. സംശയത്തോടെ കത്ത് വായിച്ച വീട്ടമ്മ ശരിക്കും ഞെട്ടി. കത്തിലെ വരികള്‍ ഇതായിരുന്നു:
”പ്രിയ ചേട്ടത്തി. ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ചേട്ടനെ പറ്റിച്ച്‌ 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയിരുന്നു. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും. പൈസ ഞാന്‍ ഇതോടൊപ്പം അയക്കുന്നു. ഈ രൂപ സ്വീകരിച്ച്‌ എന്നോട് ക്ഷമിക്കണം. എന്ന് അന്നത്തെ കുറ്റവാളി “
ആരാണ് കത്തയച്ചതെന്ന് ഇതുവരെയും മേരിക്ക് മനസിലായിട്ടില്ല. മേരിയുടെ ഭര്‍ത്താവ് ജോസഫ് പത്തുവര്‍ഷം മുമ്പ് മരിച്ചു. അതുകൊണ്ട് ഇനി ആളെ കണ്ടെത്താന്‍ വഴിയുമില്ല. ഭര്‍ത്താവിനെ ആരെങ്കിലും കബളിപ്പിച്ചോയെന്ന് മേരിക്കറിയില്ല. എങ്കിലും കുറ്റസമ്മതം നടത്തിയയാളുടെ മനഃസാക്ഷി സമൂഹത്തിന് മാതൃകയാവട്ടെയെന്നാണ് കുടുംബത്തിന്‍റെ പ്രതികരണം.

Back to top button
error: