CrimeNEWS

ചെന്നൈ ബാങ്ക് കവര്‍ച്ച: പിന്നില്‍ ജീവനക്കാരന്‍; വലവിരിച്ച് പൊലീസ്

ചെന്നൈ: നഗരത്തിലെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിലെ ജീവനക്കാരെ കെട്ടിയിട്ട് മുഖംമൂടി സംഘത്തിന്റെ കവർച്ചക്ക് പിന്നിൽ ബാങ്കിലെ ജീവനക്കാരനായിരുന്ന മുരുകനെന്ന് പൊലീസ്. മുരുകന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ചെന്നൈ അരുമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ ബന്ദികളാക്കി, കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. 20 കോടിയോളം വിലമതിക്കുന്ന പണവും സ്വർണാഭരണങ്ങളും മോഷ്ടാക്കൾ കവർന്നു.

ശനിയാഴ്ച ഉച്ചയോടെ മുഖംമൂടി ധരിച്ചെത്തിയ മൂന്നം​ഗ സംഘം മാനേജർ ഉൾപ്പെടെ രണ്ടു പേരെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം ലോക്കറിന്റെ താക്കോൽ കൈക്കലാക്കി പണവും സ്വർണവും കവരുകയായിരുന്നു. കവർച്ചക്ക് ശേഷം സംഘം ബൈക്കിൽ രക്ഷപ്പെട്ടു. ജീവനക്കാരെ ബന്ദികളാക്കിയത് കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. സുരക്ഷാ ജീവനക്കാരന് ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതമാക്കിയതിന് ശേഷമായിരുന്നു കവർച്ച.

ബാങ്കിലെ ജീവനക്കാരനായ മുരുകൻ എന്നയാളാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഫെ‍ഡറൽ ബാങ്കിന്റെ സ്ഥാപനമാണ് ഫെഡ്ബാങ്ക്. അണ്ണാനഗർ ഡെപ്യൂട്ടി കമ്മിഷണറും മറ്റു പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫൊറൻസിക് ഉദ്യോഗസ്ഥർ ബാങ്കിൽനിന്ന് വിരലടയാളം ശേഖരിച്ചു. പ്രതികളെ പിടികൂടാൻ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.

ബ്രാഞ്ച് മാനേജരായ ബട്‌ലഗുണ്ടു സ്വദേശി കെ സുരേഷ് (30), കെകെ നഗറിലെ കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് ആർ വിജയലക്ഷ്മി (36) എന്നിവരെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ലോക്കറിന്റെ താക്കോൽ തട്ടിയെടുത്തു. സുരേഷിന്റെയും വിജയലക്ഷ്മിയുടെയും മൊബൈൽ ഫോണുകൾ തട്ടിപ്പറിച്ച ശേഷം ഇവരെ ശുചിമുറിയിൽ പൂട്ടിയിട്ടു. തുടർന്ന് മുരുകനും കൂട്ടാളികളും ലോക്കർ റൂമിൽ കയറി  സ്വർണാഭരണങ്ങളും പണവും ശേഖരിച്ചു. പരിസരത്തെ സിസിടിവി ക്യാമറ തകർത്താണ് ഇവർ ഇരുചക്രവാഹനങ്ങളിൽ രക്ഷപ്പെട്ടത്. മുരുകന്റെ ഫോട്ടോ പോലീസ് പുറത്തുവിട്ടു.

Back to top button
error: